kanjav

തിരുവനന്തപുരം: കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന സഹോദരന്മാർ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ കഞ്ചാവും 26,000ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. പേട്ട ആനയറ പമ്പ് ഹൗസിന് സമീപം ടി.സി 92 / 578 കിളിക്കുന്ന് വീട്ടിൽ അനന്ദു, വിഷ്‌ണു എന്നിവരുടെ കൈയിൽ നിന്നുമാണ് പേട്ട പൊലീസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. പ്ലസ് ടു കഴിഞ്ഞ സഹോദരന്മാർ കഞ്ചാവു സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇതിനെതിരെ നാട്ടുകാർ പലവട്ടം ഇവരെ ഉപദേശിച്ചിട്ടുണ്ട്. മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് നാട്ടുകാർ പിടികൂടിയെങ്കിലും വിട്ടിരുന്നു. അടുത്തിടെ ഇരുവരും ചേർന്ന് കൂടിയ വിലയുള്ള പുതിയ ബൈക്ക് വാങ്ങിയിരുന്നു. കഞ്ചാവ് വില്പനയിലൂടെ പണം ഇവരുടെ കൈയിൽ എത്തുന്നുണ്ടെന്നറിഞ്ഞ നാട്ടുകാരിൽ ചിലർ ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തി. ഇരുവരോടും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു മുറിക്കകത്ത് കയറി. മുറിയിൽ കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ചെറിയപ്ലാസ്റ്റിക് കവർ കണ്ടതോടെ മുറിയാകെ പരിശോധിച്ചപ്പോഴാണ് പൊതികളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കട്ടിലിനടിയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന നിലയിലും കഞ്ചാവ് കിട്ടി. പൊലീസിൽ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവും 26,682 രൂപയും കണ്ടെത്തിയത്. കഞ്ചാവ് വില്പന നടത്തുന്നവർ തമ്മിൽ സിഗ്നൽ കൈമാറുന്ന ലേസർ ലൈറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. കഞ്ചാവ് മൊത്തവിലയ്ക്ക് വാങ്ങി ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പേട്ട എസ് .ഐ സാബു പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.