crime

തളിപ്പറമ്പ്: സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്നരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ആളുകളിൽ നിന്ന് പണം തട്ടുന്ന സംഘത്തിന്റെ തലവൻ തളിപ്പറമ്പ് കുറുമാത്തൂർ ചൊറുക്കള സ്വദേശി കൊടിയിൽ റുവൈസ് (23)മുംബയിൽ പിടിയിലായതോടെ ഏറെവിവാദമായ പെൺകെണി കേസ് വീണ്ടും സജീവമായി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മുംബയ് പനവേലിൽ നിന്ന് റുവൈസിനെ പിടികൂടി തളിപ്പറമ്പിലെത്തിച്ചത്. ഇയാളെ ചോദ്യംചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി. പെൺകെണിക്കേസിൽ കൂടുതൽ വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചതായി അറിയുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിറുത്തി തന്ത്രപൂർവം ചിത്രങ്ങൾ പകർത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് റുവൈസിനെതിരെ അന്വേഷണം നടക്കുന്നത്. നേരത്തെ തളിപ്പറമ്പ് പൊലീസ് ഇയാളെ ഒരു സ്കൂട്ടി മോഷണംപോയ കേസിലാണ് അറസ്റ്റുചെയ്യുന്നത്. തുടർന്ന് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പെൺകെണി കേസിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

ജയിലിൽ കഴിയവെ ഇയാൾ അർബുദരോഗിയെന്ന് നടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിൽ ചികിത്സയിൽ കഴിയുന്നതിനിടെ പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് ഡി.ജി.പി പ്രതിയെ പിടികൂടാൻ നിർദ്ദേശിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്തംബർ മൂന്നിന് മുങ്ങിയ റുവൈസ് രാത്രി പത്തരയോടെ മലപ്പുറം കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലെത്തി 200 രൂപ വാങ്ങിയശേഷം കണ്ണൂരിലേക്ക് പോവുകയായിരുന്നു. തലശേരിയിലെത്തി പെൺകെണി സംഭവത്തിൽ ഇയാൾ സൂക്ഷിച്ചുവച്ച ചില ദൃശ്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇതിന് മുമ്പേ ഇത് കസ്റ്റഡിയിലെടുത്തിരുന്നു.

തുടർന്ന് കോഴിക്കോടും കാസർകോടും എറണാകുളത്തുമായി റുവൈസ് സഞ്ചരിച്ചു. തുടർന്നാണ് ജീവിക്കാനായി മുംബയിലെത്തിയത്. ഇവിടെ ഹോട്ടലുകളിലും ബാറുകളിലും മാറിമാറി ജോലിചെയ്തുവരികയായിരുന്നു. ഇയാളെക്കുറിച്ച് സംശയം തോന്നിയ ഒരു മലയാളിയാണ് പൊലീസിന് വിവരം നല്കുന്നത്. എസ്.ഐ കെ.പി ഷൈനിന്റെ നിർദ്ദേശപ്രകാരം സീനിയർ സി.പി.ഒ അബ്ദുൾ റൗഫ്, സി.പി.ഒ സ്നേഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ മുംബയിൽ വച്ച് പിടികൂടിയത്.

കഴിഞ്ഞവർഷം ആഗസ്ത് 24 നാണ് റുവൈസും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ അന്നത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കർണാടക ബാഗമണ്ഡലത്ത് ഇയാൾക്കെതിരെ സ്വർണ മോഷണ കേസും നിലനിൽക്കുന്നുണ്ട്. കർണാടക പൊലീസ് ഇയാൾ അറസ്റ്റിലായതറിഞ്ഞ് നേരത്തെ കണ്ണൂരിലെത്തിയിരുന്നു. ഇവർ എത്തുന്നതിന് മുമ്പാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. വീണ്ടും പിടികൂടിയ സാഹചര്യത്തിൽ കർണാടക പൊലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.