sugathan

പത്തനാപുരം : കണ്ണൂരിലെ പ്രവാസി വ്യവസായിയായ സാജൻ പാറയിലിന്റെ മരണത്തോടെ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്‌ത പ്രവാസിയായിരുന്ന സുഗതന്റെ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങൾ വീണ്ടും ചർച്ചയാകുന്നു. നിർമ്മാണത്തിലിരുന്ന വർക്ക്‌ഷോപ്പിന് മുന്നിൽ സി.പി.ഐയുടെ യുവജന സംഘടനാ പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് ഇനിയും നീതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, പത്തനാപുരം എം.എൽ.എ. കെ. ബി. ഗണേഷ് കുമാർ , പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സഹായം വാഗ്ദാനം നൽകി ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങി വച്ച വർക്ക്ഷോപ്പിന്റെ ലൈസൻസിന് വേണ്ടി നെട്ടോട്ടമോടുകയാണ് സുഗതന്റെ മക്കളായ സുനിലും സുജിത്തും. ഒപ്പമുണ്ടാകുമെന്ന് കരുതിയ സർക്കാരും കൈമലർത്തിയതോടെയാണ് കുടുംബം തീർത്തും ദുരിതത്തിലായത്. സഹായം അഭ്യർത്ഥിച്ചപ്പോൾ ആത്മഹത്യ ചെയ്ത ആളിന്റെ കുടുംബത്തിന് എന്ത് സഹായമെന്ന് പറഞ്ഞ് ചില ജനപ്രതിനിധികൾ ആക്ഷേപിച്ചതായി സുനിലും സുജിത്തും പറയുന്നു.

കഴി|ഞ്ഞ വർഷം ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമ്മാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പുനലൂർ വാളക്കോട് സ്വദേശി പ്രവാസിയായ സുഗതനെ (64) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വർക്ക് ഷോപ്പിനായി നിർമ്മിച്ച ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിർമ്മിച്ച വർക്ക്ഷോപ്പിൽ നിന്ന് പണം ആവശ്യപ്പെട്ട് സി.പി.ഐ - എ. ഐ. വൈ. എഫ് പ്രവർത്തകർ കൊടികുത്തിയതിനെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയത്.

അച്ഛന്റെ മരണത്തോടെ വർക്ക്ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച സുഗതന്റെ മക്കൾ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറിങ്ങിയത്. ഒടുവിൽ സർക്കാരും കൈമലർത്തിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.ലൈസൻസിനു വേണ്ടി സുനിലും സുജിത്തും പഞ്ചായത്ത് ഓഫീസ് പടിക്കൽ ഉപരോധം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. അന്ന് ചില നേതാക്കൾ ഇടപെട്ട് ഒരാഴ്ചക്കകം ലൈസൻസ് നൽകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമരപരിപാടികൾ അവസാനിപ്പിക്കുകയായിരുന്നു .

എന്നാൽ നിലം നികത്തിയ ഭൂമിയാണെന്ന് ഉറപ്പിച്ച് പറഞ്ഞ് അധികൃതർ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല. ആറ് മാസത്തേക്കുളള വസ്‌തുവിന്റെ കരമായി 9700 രൂപാ പഞ്ചായത്ത് ഓഫീസിൽ അടച്ച് ശേഷമാണ് വൈദ്യുതിക്കാവശ്യമായ താൽക്കാലിക കെട്ടിട നമ്പർ നൽകിയത്. പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തിയതിനെ തുടർന്നാണ് കെട്ടിട നമ്പർ നൽകാൻ പോലും തയ്യാറായത്. സമീപത്തായി വയൽ നികത്തി നിരവധി വലിയ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.വർക്ക് ഷോപ്പ് തുടങ്ങുന്നതിനായി മൂന്ന് വർഷത്തെ കാലാവധിയിലാണ് ഒരാളിൽ നിന്ന് സുഗതൻ ഭൂമി പാട്ടത്തിനെടുത്തത്. കാലവധി കഴിയാൻ ഇനി ഒന്നര വർഷം മാത്രമാണ് അവശേഷിക്കുന്നത്.

ചില രാഷ്ടിയ നേതാക്കൾ ഭൂഉടമയെ ഭീഷിണിപ്പെടുത്തി വർക്ക് ഷോപ്പ് ഒഴിവാക്കാൻ ശ്രമം നടത്തുന്നതായും വിവരം ലഭിച്ചു. തണ്ണീർതട സംരക്ഷണ നിയമം പറഞ്ഞ് ലൈസൻസ് നിഷേധിച്ച് നീട്ടികൊണ്ടു പോകുന്നതിന് പിന്നിൽ പ്രവാസിയുടെ മരണത്തിൽ ആരോപണ വിധേയരായവരുടെയും റവന്യൂ വകുപ്പിലെ ചിലരുടേയും ഇടപെടലാണന്ന ആക്ഷേപവും ശക്തമാണ്.സുജിത്തും സുനിലും കുടുംബത്തോടോപ്പം ഗൾഫിലായിരുന്നു. അച്ചൻ മരിച്ച മണ്ണിൽ ആഗ്രഹസാഫല്യത്തിനായി വർക്ക് ഷോപ്പ് തുടങ്ങുന്നതിനാൽ മക്കളും പ്രവാസ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വർക്ക് ഷോപ്പിന് അനുമതി ലഭിച്ചില്ലെങ്കിൽ അച്ഛന്റെ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്നാണ് മക്കൾ പറയുന്നത്.