കോട്ടയം: റിമാൻഡ് പ്രതി വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാറിന്റെത് (49) ഉരുട്ടിക്കൊലയാണെന്ന് സംശയം. വഞ്ചനാകുറ്റത്തിന് പിടികൂടി സ്റ്റേഷനിലെത്തിച്ച രാജ്കുമാറിനെ ഏഴു ദിവസം സ്റ്റേഷൻ കസ്റ്റഡിയിൽ വച്ചശേഷം എട്ടാം ദിവസമാണ് കോടതിയിൽ എത്തിച്ചത്. മരണകാരണം ന്യൂമോണിയയാണെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. തുടയിലേയും കണംകാലിലേയും മാംസവും എല്ലും ചതഞ്ഞരഞ്ഞ നിലയിലാണ്. ഇതാണ് ഉരുട്ടിയയെന്ന അനുമാനത്തിൽ കൊണ്ടെത്തിക്കുന്നത്. കൂടാതെ തുടയിലെ മാംസം വേർപ്പെട്ടിരുന്നു. കാൽവെള്ളയിൽ ചൂരൽ കൊണ്ട് അടിച്ച ചതവും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് ദിവസം കഴിഞ്ഞേ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുകയുള്ള
ലോൺ നല്കാം എന്നു പറഞ്ഞ് കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിയ രാജ്കുമാറിന്റെ സഹായികളായ രണ്ട് സ്ത്രീകളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. 12ന് നെടുങ്കണ്ടം പൊലീസാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ പ്രതിയെ പിടിച്ചുകൊണ്ടു വന്നശേഷം സ്റ്റേഷനിൽ ഇരുത്തി. തുടർന്ന് രണ്ട് പൊലീസുകാർ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. അടുത്ത ദിവസവും മർദ്ദനം തുടർന്നു. രാത്രിയിലായിരുന്നു കിരാത മർദ്ദനം. ഇതോടെ അരയ്ക്ക് താഴെ ബലക്ഷയമുണ്ടായി. മൂന്നാം ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചെങ്കിലും എണീറ്റ് നിൽക്കാൻ പോലും സാധിക്കാതിരുന്നതോടെ ഒരു വൈദ്യനെ സ്റ്റേഷനിലെത്തിച്ച് ചികിത്സ നടത്തിയതായുംഅറിയുന്നു. ഒരു വിധം എഴുന്നേൽപ്പിച്ച് നിൽക്കാൻ ശേഷി വന്നതോടെ 20ന് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ജഡ്ജി എന്തെങ്കിലും ചോദിച്ചാൽ പൊലീസിനെ കണ്ട് ഓടി മതിൽ ചാടിക്കടക്കുന്നതിനിടയിൽ അപകടം പറ്റിയതാണെന്ന് പറയണമെന്നും നിന്നെ കേസിൽ നിന്ന് ഊരിവിടാമെന്നും ബാക്കി ചികിത്സ ഞങ്ങൾ നടത്തിക്കൊള്ളാമെന്നുമായിരുന്നു രാജ്കുമാറിനെ മർദ്ദിച്ച പൊലീസുകാർ ഉറപ്പുനല്കിയത്. ഇതോടെ ജഡ്ജിയുടെ ചോദ്യത്തിന് അങ്ങനെതന്നെ മറുപടിയും നല്കി. കോടതി നിർദ്ദേശപ്രകാരം രാജ്കുമാറിനെ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി. ഡോക്ടറോടും ഇപ്രകാരം തന്നെ മൊഴിനല്കി.
രാജ്കുമാറിന്റെ നില ഗുരുതരമായതോടെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വേദന അസഹനീയമായതോടെ സ്റ്റേഷനിലെ മർദ്ദനവിവരങ്ങൾ രാജ്കുമാർ ഡോക്ടറോട് പറയുകയായിരുന്നു. എന്നാൽ രണ്ടു ദിവസം അവിടെ കഴിഞ്ഞിരുന്ന രാജ്കുമാറിനെ പൊലീസ് ഡിസ്ചാർജ് ചെയ്ത് പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
സ്ട്രച്ചറിലാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. 21ന് അസ്വസ്ഥത കാട്ടിയതോടെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് അരയ്ക്ക് താഴേയ്ക്കും കാലിലും പരിക്കുകളുടെ പാടുകൾ കണ്ടത്. ശരീരത്തിൽ ക്ഷതമേറ്റതിനെ തുടർന്നാവാം ന്യൂമോണിയ ബാധിച്ചത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നു. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി.രാജ്മോഹൻ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രാജ്മോഹനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. രണ്ട് കുട്ടികളുണ്ട്. ബന്ധുക്കളുമായും ഇയാൾ പിണക്കത്തിലായിരുന്നുവെന്നാണ് അറിയുന്നത്.