kannur

കണ്ണൂർ: ആന്തൂരിലെ പാർത്ഥാ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെയുള്ള ആന്തൂർ നഗരസഭയുടെ പീഡനത്തിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ തുടങ്ങി. സാജന്റെ ഭാര്യ ബീനയുടെ പരാതിയിൽ ആന്തൂർ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമള, സസ്പെൻഡ് ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി, എൻജിനീയർ, ഓവർസിയർ എന്നിവരുടെ മൊഴികളടക്കം രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. എന്നാൽ ഇവരെ എപ്പോൾ ചോദ്യംചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അന്വേഷണം ഏറ്റെടുത്തശേഷം ഫയലുകൾ പഠിച്ചുവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. ഏതെല്ലാം കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്ന കാര്യത്തിൽ ഇന്ന് കൂടിയാലോചന നടത്തും. ഇതുകഴിഞ്ഞ ശേഷം ബീനയുടെയും സാജന്റെ മറ്റ് ബന്ധുക്കളുടെയും മൊഴി ഒന്നുകൂടി രേഖപ്പെടുത്തണമെങ്കിൽ വീണ്ടും മൊഴിയെടുക്കും. കൂടിയാലോചനകൾ നടത്തി മാത്രമേ നടപടി ക്രമങ്ങൾ ആരംഭിക്കൂയെന്ന് ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ് കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ സാക്ഷി മൊഴികളും ഇതര വിവരങ്ങളും ശേഖരിക്കേണ്ടി വരും. കുടുംബം മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ അന്വേഷണ സംഘത്തിന്റെ മേൽ സമ്മർദ്ദം ഉണ്ട്. ഇതിനിടെ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയിൽ നിരവധി സംരംഭകർ നഗരസഭയുടെ പീഡനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രതിപക്ഷം പിടിമുറുക്കുന്നത്. ഇപ്പോഴത്തെ അന്വേഷണ സംഘത്തിൽ കുടുംബത്തിനുൾപ്പെടെ തൃപ്തിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു. സാജന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ആത്മഹത്യാ പ്രേരണാ കുറ്രം ശ്യാമളയ്ക്കെതിരെ ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വേഗത്തിലൊരു തീരുമാനം പ്രതീക്ഷിക്കുന്നില്ല. പാർട്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്ന ശേഷവും ശ്യാമളയെ നില നിർത്താനുള്ള ശ്രമം പാർട്ടിയ്ക്ക് അകത്തും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലാണ് ഇതേചൊല്ലി പ്രതിഷേധം പുകയുന്നത്. സി.പി.എം ഇക്കാര്യത്തിൽ വിശദീകരണയോഗം ഉൾപ്പെടെ വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ നഗരസഭ ഭരണസമിതിക്കും വീഴ്ച സംഭവിച്ചതായി സംസ്ഥാന സമിതി അംഗം പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.