തൃശ്ശൂർ സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനിയറുടെ കമ്പ്യൂട്ടറിൽ നിന്ന് സ്ഥിരമായി കുട്ടികളുടെ പോർണോഗ്രാഫി വെബ്സൈറ്റിലേക്ക് സന്ദർശിക്കുന്നു എന്ന വിവരം ഇന്റർപോളിൽ നിന്ന് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഐ.പി അഡ്രസ് കണ്ടെത്തി അയാളുടെ വീട്ടിൽ ചെന്നത്. നിരവധി ഹാർഡ് ഡിസ്ക്കുകളിലായി കുട്ടികളുടെ 4 ടെറാബൈറ്റ് അശ്ളീല ദൃശ്യങ്ങളാണ് അവിടെ നിന്നു കണ്ടെടുത്തത്.ഒരു ടെറാബൈറ്റ് എന്നാൽ 1024 ജിഗാബൈറ്റ്. നാലായിരത്തിലധികം ജിഗാബൈറ്റാണ് ഇയാളുടെ കൈയിലുണ്ടായിരുന്നത്.അതായത് ഈ ദൃശ്യങ്ങൾ ഒരാൾ കണ്ടു തീർക്കണമെങ്കിൽ വർഷങ്ങളെടുക്കും.
അന്വേഷണ സംഘം കണ്ടെത്തിയ ഇതേ ഓപ്പറേഷനിൽ പിടിയിലായെങ്കിലും തെളിവുകൾ ഇല്ലാതെ വിട്ടയക്കപ്പെട്ടവരിൽ പ്ളസ് ടു വിദ്യാർത്ഥിനികളും ഉൾപ്പെട്ടിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി-ഹണ്ടിൽ കുരുങ്ങിപ്പോയവർ ഇന്ന് കേരളത്തിൽ വർദ്ധിച്ച് വരുന്ന മറ്റൊരു പ്രത്യാഘാതത്തിന്റെ പരിച്ഛേദം മാത്രമാണ്. രാജ്യാന്തര സമൂഹം കുറ്റകൃത്യമെന്ന് അംഗീകരിച്ചിരിക്കുന്ന ചൈൽഡ് പോർണോഗ്രഫി എന്ന തഴച്ചു വളരുന്ന വിപത്ത്. ഓപ്പറേഷൻ പി-ഹണ്ടിന്റെ പൂർണരൂപം ഓപ്പറേഷൻ പീഡോഫിലിക് ഹണ്ട് എന്നാണ്.
ചൈൽഡ് പോർണോഗ്രഫി ഒരിക്കലും ഇന്റർനെറ്റിന്റെ സന്തതിയല്ല. പക്ഷേ സ്വകാര്യത പോലും വൈറലാകുന്ന ഈ-യുഗം അത് പടർന്നു പന്തലിക്കാൻ കാരണമായി.ചൈൽഡ് പോർണോഗ്രഫി എന്ന വാക്കിന് അഭേദ്യമായ ബന്ധമുള്ള പീഡോഫിലിയ എന്ന അവസ്ഥ കൂടി പറയാതെ ചൈൽഡ് പോർണോഗ്രാഫിയെക്കുറിച്ച് പറയാൻ കഴിയില്ല.
പീഡോഫിലിയ എന്ന വൈകൃതം
ശത്രുക്കളുടെ ആക്രമണം പേടിച്ച് വിശപ്പും ദാഹവും സഹിച്ച് ദിവസങ്ങളോളം കോട്ടയിൽ വലഞ്ഞിരുന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന കുടുംബത്തിലെ കുഞ്ഞ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞിനെ തൂക്കിയെടുത്ത് സ്വന്തം മുറിയിലേക്ക് പോയ അയാൾ രണ്ട് ദിവസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഭേദപ്പട്ടിരുന്നു, എസ്.കെ.പൊറ്റക്കാടിന്റെ ആഫ്രിക്കൻ പശ്ചാത്തലമുള്ള നോവലിൽ പറയുന്ന ഈ അവസ്ഥ തന്നെയാണ് പീഡോഫിലിക്ക് ആയ ഒരു വ്യക്തിക്ക് സംഭവിക്കുന്നതും.കുട്ടികളെ കൊന്ന് ചോര കുടിക്കുന്നതിന് തുല്യമാണ് പീഡോഫീലിയ എന്ന വൈകൃതം. കുട്ടികളോട് സാധാരണയായി തോന്നാറുള്ള വാത്സല്യമല്ല ഇത്തരക്കാർക്ക് തോന്നുക. മറിച്ച് ലൈംഗിക താത്പര്യമായിരിക്കും. പ്രായപൂർത്തിയാവാത്ത കുട്ടികളോടോ കുട്ടി്യോടോ പ്രായപൂർത്തിയായ ഒരാൾക്ക് തോന്നുന്ന ലൈംഗിക താത്പര്യമാണ് പീഡോഫീലിയ. ഗുരുതരമായ മാനസികാവസ്ഥയാണിത്. ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നത് പുരുഷൻമാരിലാണ്. ചെറുപ്പത്തിൽ ലൈംഗിക അതിക്രമത്തിന് വിധേയമായവരായിരിക്കും പീന്നീട് പീഡോഫിലിക്കായി മാറുന്നത്.
കേരളത്തെ നടുക്കിയ തൊടുപുഴ സംഭവത്തിൽ അമ്മയുടെ കാമുകനായ അരുൺ ആനന്ദ് ഇളയ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇയാൾക്കെതിരെ പോസ്കോ നിയമപ്രകാരം ഈയിടെ കേസെടുത്തു. വിദ്യാഭ്യാസമുള്ള കാണാൻ വളരെ സ്മാർട്ടായ ഈ ചെറുപ്പക്കാരൻ എന്തുകൊണ്ടിങ്ങനെ പെരുമാറി?
ഇന്ത്യ പേടിച്ച സുനിൽ റസ്ദോഗി
അഞ്ച് കുട്ടികളുടെ അച്ഛനായ ആ തയ്യൽക്കാരൻ ഉത്തരാഖണ്ഡിൽ നിന്ന് സ്കൂൾ കുട്ടിക്കൾക്കായി തയ്പ്പിച്ചിരിക്കുന്ന വസ്ത്രവും സമ്മാന പൊതിയുമായി ഡൽഹിയിലെത്തുമായിരുന്നു. നോട്ടമിട്ടിരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് അയാൾ മുൻപ് തന്നെ തയ്യാറാക്കിയിരിക്കും. സ്കൂൾ വിട്ട് ഒറ്റയ്ക്കാവുന്ന കുട്ടിയുടെ പിറകെ അയാൾ കൂടും. അച്ഛന്റെ സുഹൃത്താണെന്നും സമ്മാനങ്ങൾ കൊണ്ട് വന്നിട്ടുണ്ടെന്നും പറഞ്ഞ് കുട്ടിയെ വശീകരിച്ച് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കും. പലപ്പോഴും കെട്ടിടങ്ങളുടെ ടെറസുകളാണ് അയാൾ തിരഞ്ഞെടുത്തിരുന്നത്. ഏഴ് വയസിനും പത്ത് വയസിനുമിടയിലുള്ള 500 കൂട്ടികളെ 12 വർഷമായി ഇയാൾ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഇന്ത്യ കണ്ട ഏറ്റവും വലിയ പീഡോഫിലിക്കാണ് സുനിൽ റസ്ദോഗി.
2017ൽ ഇയാൾ പിടിയിലാവുന്നതിന് മുൻപ് തന്നെ കുട്ടികളെ മാനഭംഗപ്പെടുത്തിയതിന്റെ പേരിലും മറ്റ് കുറ്റങ്ങളുടെ പേരിലും പല തവണ ജയിലിലായിരുന്നു.എന്നാൽ ഭാര്യയോടോ മക്കളോടോ അപമര്യാദയായി പെരുമാറുന്ന ഒരാളായിരുന്നില്ല സുനിൽ. രാത്രി വൈകും വരെ ടി.വിയിൽ കൊലപാതക പരമ്പരകൾ കാണുക , വിദേശ ചാനലുകളിലെ മെലിഞ്ഞ സുന്ദരിമാരുടെ ഫാഷൻ ഷോകൾ കാണുക എന്നിവയായിരുന്നു അയാളുടെ ഹോബികൾ.നന്നായി, അയാൾ പിടിക്കപ്പെട്ടല്ലോ എന്നാണ് രോഗക്കിടക്കയിലായിരുന്ന സുനിലിന്റെ ഭാര്യ ഭാവ്ന അന്ന് പത്രക്കാരോട് പ്രതികരിച്ചത്.
ഇതുവരെ പറഞ്ഞത് പീഡോഫീലിയ എന്ന മാനസിക വൈകൃതത്തെക്കുറിച്ചാണ്. ഇന്റർനെറ്റിന്റെ വരവ് ഇതിനെ ചൈൽഡ് പോർണോഗ്രഫിക് വീഡിയോകളുടെ സൃഷ്ടിയിലേക്കുയർത്തി. കുട്ടികളുടെ നഗ്നചിത്രങ്ങൾ ആസ്വദിക്കുന്ന തലത്തിൽ നിന്ന് വീഡിയോ നിർമ്മാണം വരെ എത്തിയപ്പോൾ ഇതിന് വേണ്ടി കുട്ടികൾ ഉപയോഗിക്കപ്പെടാൻ തുടങ്ങി. 1984ലാണ് ആറ് വയസുകാരി തിയ പ്യൂബോർക് മരിച്ചത്. മരിക്കുന്ന സമയത്ത് അവളുടെ ശരീരത്തിൽ അമിതമായ അളവിൽ കൊക്കെയ്നുണ്ടായിരുന്നു. ആറ് വയസുകാരി ഏങ്ങനെ കൊക്കെയൻ ഉപയോഗിച്ചു? നമ്മളാരും അറിയാത്ത തിയ പ്യൂബോർക്കിനെക്കുറിച്ച് നാളെ വായിക്കാം
ഓപ്പറേഷൻ പി-ഹണ്ട്
പീഡോഫീലിക് ഹണ്ട് ആണ് ഓപ്പറേഷൻ പി-ഹണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടു കൂടി ഇവയെ നീരീക്ഷിക്കാൻ കേരള പൊലീസിന്റെ സൈബർ ഡോമിനു കീഴിൽ ഇന്റനെറ്റ് ഉപയോഗം നീരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട സംഘം. ചൈൽഡ് പോർണോഗ്രഫി, സെക്സ് റാക്കറ്റ്,ലഹരി മരുന്നുകളുടെ കൊടുക്കൽ വാങ്ങലുകൾ എന്നിവ ഇവർ നിരീക്ഷിക്കുന്നു.കുട്ടികളുടെ പോർണോഗ്രഫിയുടെ നീരീക്ഷണത്തിന് പ്രത്യേക വിഭാഗത്തെ ഇതിൽ ചുമതലപ്പെടുത്തിയത്.
സൈബർഡോം
ചൈൽഡ് പോർണോഗ്രാഫിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള പൊലീസിന്റെ സൈബർ സെല്ലിൽ ഇന്റർപോളിന്റെ പരിശീലനം സിദ്ധിച്ച പ്രത്യേക പൊലീസ് വിഭാഗമുണ്ട്. പബ്ളിക് -പ്രൈവറ്റ് പാർട്ട്ണർഷിപ്പായിട്ടാണ് സൈബർഡോമിന്റെ പ്രവർത്തനം. ഇത്തരം കാര്യങ്ങൾ നിരീക്ഷിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്യാൻ സന്നദ്ധപ്രവർത്തകരുണ്ട്.
നാളെ :പൂമ്പാറ്റകളുടെ ചിറകരിയപ്പെടുന്നതെങ്ങനെ ?