തിരുവനന്തപുരം: ഒന്നര വർഷം മുമ്പ് കിളിമാനൂർ വെള്ളല്ലൂർ മാവേലിക്കോണം ക്ഷേത്രത്തിന് സമീപത്തെ ഓടയിൽ അരുംകൊലയ്ക്ക്ശേഷം ഉപേക്ഷിച്ച മൃതദേഹം ആരുടേത്? ഒരെത്തും പിടിയുമില്ല പൊലീസീന്. അന്വേഷണം എങ്ങുമെത്താതെ നീളുകയാണ്. ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് ഒരു തുമ്പും കിട്ടാതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മാസങ്ങൾ പിന്നിട്ടിട്ടും ക്രൈംബ്രാഞ്ചിനുംഒരു തുമ്പും കണ്ടെത്താനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ പോലും ആയിട്ടില്ല. അതുതന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
പത്രങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലുക്ക് ഔട്ട് നോട്ടീസുകൾ പ്രസിദ്ധപ്പെടുത്തുകയും സംസ്ഥാനത്തിനകത്തും പുറത്തുമായി കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. ഒന്നരവർഷമായി തുടരുന്ന അന്വേഷണം എവിടെക്കൊണ്ട് കൂട്ടിക്കെട്ടുമെന്നറിയാതെ വിഷമവൃത്തത്തിലാണ് അന്വേഷണ സംഘം. തേഞ്ഞുമാഞ്ഞ് പോകുന്ന കേസുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. അങ്ങനെയെങ്കിൽ കൊലയാളികൾ രക്ഷപ്പെടുകയും ചെയ്യും.
ദുർഗന്ധത്തിനൊടുവിൽ..
കിളിമാനൂർ വെള്ളല്ലൂർ-ചെമ്മരത്തുമുക്ക് റോഡിൽ മാവേലി ക്ഷേത്രത്തിന് സമീപത്തെ ഓടയിൽ 2017 നവംബർ 15ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഉണങ്ങിയ തെങ്ങോലകൾകൊണ്ട് മൂടിയ മൃതദേഹം കണ്ടെത്തിയത്. വെള്ളനിറത്തിൽ കളങ്ങളുള്ള ഉടുപ്പും ഇളംനിറത്തിലുള്ള ലുങ്കിയുമായിരുന്നു വേഷം. 55 വയസ് തോന്നിക്കുന്ന 180 സെന്റീമീറ്റർ ഉയരമുള്ള മൃതദേഹത്തിൽ റോസ് നിറത്തിൽ വെള്ളവരയോടു കൂടിയ ഷർട്ടാണ് ഉണ്ടായിരുന്നത്. ഇരുതലയും കൂട്ടിയടിച്ച കൈലിയും ധരിച്ചിരുന്നു. നാല് ദിവസം പഴക്കമുള്ള മൃതദേഹത്തിലെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഇലക്ട്രിക് ടെസ്റ്ററും ഡയോഡും പൊലീസ് കണ്ടെത്തിയിരുന്നു. മുഖത്തും തലയിലുമുൾപ്പെടെ ശരീരമാകമാനം മുറിവേറ്റിരുന്നെങ്കിലും തലയ്ക്കുപിന്നിൽ ആഴത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. അതിൽ നിന്നുതന്നെ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു.
അരുംകൊല ആസൂത്രിതം
ആസൂത്രിതമായ അരുംകൊലയാണ് സംഭവമെന്ന് തുടക്കത്തിലേ അന്വേഷണ സംഘത്തിന് വ്യക്തമായെങ്കിലും കൊല്ലപ്പെട്ടതാരെന്ന് വ്യക്തമാകാത്തതിനാൽ കൊലയാളികളാരെന്നും പൊലീസിന് സൂചനയില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞാൽ മാത്രമേ കൊല്ലപ്പെടാനുള്ള സാഹചര്യങ്ങൾ മനസിലാക്കാനും കൊലയാളികളിലേക്കെത്താനും കഴിയൂ. വാഹന അപകടമാണെന്ന നിലയിൽ ചില സംശയങ്ങൾ ഉദിച്ചെങ്കിലും സ്ഥലത്ത് അപകടത്തിന്റേതായ തെളിവുകളൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ഓടയിൽ കാണപ്പെട്ട മൃതദേഹം ഓല ഉപയോഗിച്ച് മറച്ചതും സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാൻ പൊലീസിനെ സഹായിച്ചു.
വെള്ളല്ലൂരോ പരിസരപ്രദേശങ്ങളിലോ ഇത്തരമൊരു കൊലപാതകം നടന്നിട്ടില്ല. കൊല്ലപ്പെട്ടയാൾ പ്രദേശവാസിയല്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ മറ്റെവിടെയോ വച്ച് അപായപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വിജനമായ ഇവിടെ റോഡിലെ വെളിച്ചക്കുറവും കാമറകളില്ലാത്തതും ഇരുളിന്റെ മറവിലെപ്പോഴോ മൃതദേഹം ഉപേക്ഷിച്ച് പോകാൻ കൊലയാളികൾക്ക് സഹായകമായി. ടെസ്റ്ററും ഡയോഡും കാണപ്പെട്ടതിനാൽ മൈക്ക് സെറ്റ് ഓപ്പറേറ്റർമാരുടെ സഹായികളോ വെള്ളല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള സ്ഥലമായതിനാൽ അവരിൽപ്പെട്ടവരാണോ എന്ന സംശയത്തിലും അന്വേഷണം നടന്നെങ്കിലും പ്രയോജനമുണ്ടായില്ല. സംസ്ഥാനത്തിനകത്തും പുറത്തുമായി കാണാതായവരുടെ ഫോട്ടോയും വിവരങ്ങളും പരിശോധിച്ചതിലും സാമ്യതയില്ല.
''കൊലപാതകത്തെപ്പറ്റി നാളിതുവരെ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞ് സംഭവത്തിലേക്ക് കടക്കാനാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്ന ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ ശ്രമം. മൃതദേഹം ദിവസങ്ങളോളം പഴകിയതിനാൽ വിരലടയാളമുൾപ്പെടെയുള്ള ചില തെളിവുകൾ ശേഖരിക്കാൻ കഴിയാതെ പോയി. മൃതദേഹത്തിന്റെ പഴക്കം ആളിന്റെ രൂപഭാവങ്ങളിലുണ്ടാക്കിയ മാറ്റവും തിരിച്ചറിയൽ അസാദ്ധ്യമാക്കി. അയൽ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ ഇപ്പോഴും ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ്.
മോഹനൻ, സി.ഐ, ക്രൈംബ്രാഞ്ച്