ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പേടി സ്വപ്‌നമായ നരഭോജി മുതലയാണ് ഗുസ്തേവ്. ഏകദേശം 18 അടിയിലേറെ നീളവും 2,000 പൗണ്ടിലധികം (910 കിലോ) ഭാരവും ഗുസ്തേവിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുവരെ ഈ ഭീകരൻ കൊന്നൊടുക്കിയത് 300ലേറെ പേരെയാണ്! ഈ ഭീമനെ വലയിലാക്കാൻ ശ്രമിച്ചവർക്കൊക്കെ ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. ഗുസ്തേവിന്റെ ഇരയാകുന്നവരുടെ മൃതദേഹംപോലും കാണാൻ സാധിക്കില്ലത്രെ. ഇരയെ പൂർണമായും ഭക്ഷിക്കുന്ന സ്വഭാവക്കാരനാണ് ഗുസ്തേവ്. തന്റെ കണ്ണിൽപ്പെടുന്ന മനുഷ്യരെ ഗുസ്തേവ് വെറുതെ വിടാറില്ല. ഗുസ്തേവ് മനുഷ്യരെ ഒരു തരി ഭയം പോലുമില്ലാതെ പകയോടെ വേട്ടയാടാനുള്ള കാരണം ഇപ്പോഴും നിഗൂഢമാണ്.
ബുറുണ്ടിയിലെ ടാംഗനിക നദിയിലാണ് ഗുസ്തേവ് ജീവിക്കുന്നത്. ഗുസ്തേവ് കൊന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കപ്പെട്ടില്ലെങ്കിലും ഗവേഷകർ പോലും ഗുസ്തേവിന്റെ അസാധാരണ മനുഷ്യവേട്ടയെ പറ്റിയുള്ള വാദങ്ങൾ ശരിവയ്ക്കുന്നു. പാട്രിസ് ഫേയ് എന്ന ഗവേഷകനാണ് ഇതിൽ ഏറ്റവും പ്രസിദ്ധൻ. അദ്ദേഹമാണ് ഗുസ്തേവിന് ഈ പേര് നൽകിയത്. 1990കളിലാണ് പാട്രിസ് ഫേയ് ഗുസ്തേവിനെ പറ്റിയുള്ള തന്റെ ഗവേഷണം ആരംഭിക്കുന്നത്.
2004ൽ പുറത്തിറങ്ങിയ 'കാപ്ച്ചറിംഗ് ദ കില്ലർ ക്രോക് ' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ പാട്രിസ് ഗുസ്തേവിനെ പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. സിനിമയുടെ ചിത്രീകരണത്തിനിടെ ഗുസ്തേവിനെ കെണിയിൽപ്പെടുത്താൻ പാട്രിസും സംഘവും ശ്രമിച്ചെങ്കിലും വിഫലമായി.
60 ലധികം വയസ് പ്രായം വരുന്ന ഗുസ്തേവിന് അസാമാന്യ വലിപ്പമുണ്ടാകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഗുസ്തേവ് ഒരു സാധാരണ മുതലയല്ലെന്നും ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ഉരഗ വർഗത്തിലെ അവശേഷിച്ച ജീവിയാണെന്നും വാദമുണ്ട്. 2015 ജൂണിലാണ് ഗുസ്തേവിനെ അവസാനമായി കണ്ടത്. അന്ന് ഒരു എരുമയുമായി ഗുസ്തേവ് നദിയുടെ ആഴങ്ങളിലേക്ക് മറയുകയായിരുന്നു. ഇടയ്ക്ക് അപ്രത്യക്ഷനാകാറുള്ള ഗുസ്തേവ് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും മനുഷ്യരെ വേട്ടയാടുകയും ചെയ്യും. അതുകൊണ്ട് തന്നെ ടംഗനിക നദിയിൽ ഗുസ്തേവ് ഏതു നിമിഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഇവിടുത്തെ നാട്ടുകാർ.