1

പൂവാർ: ചരിത്രത്തോളം പ്രധാന്യമുള്ള നെയ്യാർ പൂവാറിലെത്തുമ്പോൾ മാലിന്യവാഹിയാകും. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന പൂവാർ പൊഴിക്കര മാലിന്യംകൊണ്ട് വീർപ്പുമുട്ടുകയാണ്. കടലിലും ആറിലും ഉപേക്ഷിക്കുന്ന മാലിന്യം മുഴുവൻ കടപ്പുറത്ത് നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങൾ കൊണ്ട് വൃത്തികേടായി മാറിക്കഴിഞ്ഞു. വൻ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുംവിധമാണ് ഇവിടുത്തെ മാലിന്യം നിക്ഷേപം. ദിനവും വന്നുപോകുന്ന സഞ്ചാരികൾ വലിച്ചെറുയുന്ന മദ്യക്കുപ്പി ഉൾപ്പടെയുള്ള മാലിന്യങ്ങളും അറവുമാലിന്യം വരെ നിക്ഷേപിക്കാൻ വേണ്ടി എത്തുന്നവരും കാരണം വൻ അരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാകുമെന്ന ഭീഷണിയിലാണ് ഇവിടുത്തെ നാട്ടുകാർ. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ മാലിന്യ നിർമാർജനം നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. പൊഴിക്കരയിലും താരത്തും അടിഞ്ഞുകൂടുന്ന മാലിന്യം അഴുകി ദുർഗന്ധം വമിക്കുകയാണ്. ഇതിൽ പറ്റിക്കൂടുന്ന ഈച്ചയും പുഴുക്കളുമാണ് കടപ്പുറം നിറയെ.

മഴയും കാറ്റും ശക്തമാകുമ്പോൾ അപകടം എപ്പോൾ വേണമെങ്കിലും നടക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ലൈഫ് ഗാർഡുകൾ. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഇവിടെ പകൽനേരങ്ങളിലെ ഡ്യൂട്ടിയ്ക്ക് രണ്ട് ലൈഫ് ഗാർഡുകളെ നിയമിച്ചത്. മഴയത്ത് നനയാതെ ഒതുങ്ങി നിൽക്കാൻ ഒരു ഷെഡ്ഡോ, വെയിൽ കൊള്ളാതിരിക്കാൻ ഒരു നല്ല കുടയോ, കാൽ തളരുമ്പോൾ ഒന്നിരിക്കാൻ രണ്ട് കസേരയോ പോലും ഇല്ലാതെയാണ്ഇവരുടെ ഡ്യൂട്ടി.

പൂവാറിൽ തുടങ്ങുന്ന മനുഷ്യനിർമ്മിതമായ എ.വി.എം കനാൽ ഇതിനോടകം തന്നെ മാലിന്യവാഹിയായിക്കഴിഞ്ഞു. കനാലിന്റെ അവശേഷിക്കുന്ന സിംഹഭാഗവും കൈയേറിക്കഴിഞ്ഞു. ഇവിടുത്തെ മാലിന്യവും വന്നുചേരുന്നത് നെയ്യാറിൽ തന്നെയാണ്. നദീമുഖത്തും പൊഴിയിലും തീരത്തും അടിയുന്ന മാലിന്യം പൊഴിമുറിയുന്നതോടെ കടലിലേക്കൊഴുകും. ഇവ പിന്നീട് കടലിൽ നിന്നും തീരത്തേക്ക് അടിയുകയും പൂവാർ തീരം മുഴുവൻ ഈ മാലിന്യം നിരക്കുകയും ചെയ്യും. നെയ്യാറിനെയും കടലി നെയും മലിനമാക്കുന്ന മാലിന്യ നിക്ഷേപകർക്കെതിരെ നടപടിയെടുക്കാൻ ഗ്രാമ പഞ്ചായത്തുകൾ തയാറാവുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

നദികളിലൂടെ കടലിൽ എത്തുന്ന മാലിന്യം കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ മാലിന്യങ്ങൾ ഭക്ഷിച്ച് ആമകൾ ചത്തുപൊങ്ങുന്നതായും വംശനാശം സംഭവിക്കുന്നതായും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ചെറുമീനുകൾക്കും ഇത് ഭീഷണിയാകുന്നുണ്ട്. കടലിലടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ചെറുതരികൾ ചെറു മത്സ്യങ്ങളായ നത്തോലിയുടെയും മത്തിയുടെയും കുടലിൽ വരെയുണ്ട്. ചാള, അയല, നത്തോലി തുടങ്ങിയ ചെറു മത്സ്യങ്ങളുടെ

അവാസ വ്യവസ്ഥയും ഭക്ഷണ സ്വഭാവവും മനസിലാക്കാൻ വ‌ഷങ്ങൾക്ക് മുൻപ് കേന്ദ്ര മത്സ്യഗവേഷണ ശാലയിൽ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തുന്നത്.