തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്ക് വീടുകളുടെ നിർമ്മാണത്തിനുള്ള ധനസഹായ നിരക്ക് വർദ്ധിപ്പിക്കുന്നത് പരിശോധിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ പറഞ്ഞു. 2018-19 സാമ്പത്തിക വർഷം അനുവദിക്കുന്ന വീടുകൾക്ക് 6 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ സാഹചര്യത്തിൽ, 2016-17, 2017-18 വർഷങ്ങളിൽ ഒരു വീടിന് 3.5 ലക്ഷം രൂപയിൽ നിന്നും 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചത് അപര്യാപ്തമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2016മാർച്ച്31ന് മുൻപ് അനുവദിച്ചതും, പൂർത്തീകരിക്കാത്തതുമായ വീടുകൾക്ക് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ നിർമ്മാണച്ചെലവ് അനുവദിക്കും.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് മുഖേന 2016-17 സാമ്പത്തിക വർഷം ജനറൽഹൗസിംഗ്, ഹഡ്‌കോ, വനബന്ധു കല്യാൺ യോജന പദ്ധതികളിൽ ഉൾപ്പെടുത്തിയ 6709 വീടുകൾക്ക് മൂന്നരലക്ഷമായിരുന്നു അനുവദിച്ചിരുന്നത്. 2018-19 വർഷം മുതൽ പട്ടികവർഗക്കാർക്ക് വീടുകൾ അനുവദിക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തിയാണ്. ഇതുപ്രകാരം വീടൊന്നിന് 6 ലക്ഷം രൂപയും, പട്ടികവർഗ സങ്കേതങ്ങൾക്ക് പുറത്ത് താമസിക്കുന്ന പട്ടിക വർഗക്കാർക്ക് 4 ലക്ഷം രൂപയും അനുവദിക്കും. അതീവദുർഘട പ്രദേശങ്ങളിൽ 20ശതമാനം വരെ അധികമായി നൽകുമെന്നും ഒ.ആർ. കേളുവിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
പ്രളയദുരിതം: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 2 ലക്ഷം വായ്പ
പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടാത്ത സൂക്ഷ്മ, ചെറുകിട. ഇടത്തരം വാണിജ്യ- വ്യവസായ സ്ഥാപനങ്ങൾ, കടകൾ, തേനീച്ച കർഷകർ, അലങ്കാര പക്ഷി കർഷകർ എന്നിവർക്ക് രണ്ടു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ഉജ്ജീവന പദ്ധതി നടപ്പാക്കിയതായി മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയനുസരിച്ച് കിസാൻ ക്രെഡിറ്റ് കാർഡുള്ള പ്രളയബാധിതരായ കർഷകർക്ക് സംസ്ഥാന സർക്കാർ നാലു ശതമാനം താങ്ങു പലിശ നൽകും. പുറമെ, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ എടുക്കുന്ന വായ്പകൾക്ക് മാർജിൻ മണിയായി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെ സഹായം നൽകുമെന്നും റോഷി അഗസ്റ്റിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
ഇടുക്കി ജില്ലയിൽ സർവേ കണക്കുകളനുസരിച്ച് 170 ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾക്കും 308 കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. ജില്ലയിൽ 27 വ്യവസായ സ്ഥാപനങ്ങൾക്കായി 104.32 ലക്ഷം രൂപയും 66 കടകൾക്ക് 193.68 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഡാം തുറന്നപ്പോൾ ചെറുതോണിയിലെ 28 വ്യാപാരസ്ഥാപനങ്ങൾക്ക് നാശമുണ്ടായി. രേഖകൾ ഇല്ലാത്തതുകൊണ്ട് ഈ സ്ഥാപനങ്ങളിൽ നിന്ന് ഒലിച്ചുപോയ സ്റ്റോക്ക് കണക്കാക്കാനായിട്ടില്ല. ഈ സ്ഥാപനങ്ങളുടെ ബാങ്ക് ലോൺ അപേക്ഷകൾക്ക് ജില്ലാ വ്യവസായ കേന്ദ്രം സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഇവയ്ക്കും ഉജ്ജീവന വായ്പാ പദ്ധതി വഴി സഹായം ലഭിക്കും. വ്യാപാര സ്ഥാപനങ്ങൾ പുറമ്പോക്ക് ഭൂമിയിലായിരുന്നതിനാൽ പുനർനിർമ്മാണത്തിന് അനുമതി നൽകാനാവില്ല. ഇവർക്ക് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഈടില്ലാതെ മൂന്നു ലക്ഷം രൂപ വരെയുളള വായ്‌പ നൽകാൻ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.