tp-ramakrishnan

തിരുവനന്തപുരം: ഇ.എസ്.ഐ ആശുപത്രികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ബാദ്ധ്യത ഇ.എസ്.ഐ കോർപറേഷനാണ് വഹിക്കേണ്ടത്. എന്നാൽ അവർ അതിന് തയ്യാറല്ല. സംസ്ഥാനം സ്വന്തം നിലയിൽ നടപടി എടുക്കണമെന്നാണ് കോർപറേഷന്റെ നിലപാട്. ഇതുപ്രകാരം തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രിയെ സൂപ്പർസ്‌പെഷ്യാലിറ്റിയാക്കാൻ പ്രോജക്ട് തയ്യാറാക്കി. ഇത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഒമ്പത് ഇ.എസ്.ഐ ആശുപത്രികളാണുള്ളത്. മൂന്നെണ്ണം ഇ.എസ്.ഐ കോർപറേഷന് കീഴിലാണ്. നിലവിൽ 145 ഇ.എസ്.ഐ ഡിസ്‌പെൻസറികളുണ്ട്. വിവിധ ജില്ലകളിലായി 18 ഡിസ്‌പെൻസറികൾക്ക് സംസ്ഥാനം അനുമതി നൽകി. അതിനാവശ്യമായ തസ്തികകളും സൃഷ്ടിച്ചു. എന്നാൽ രണ്ട് ഡിസ്‌പെൻസറികൾക്ക് മാത്രമാണ് കോർപറേഷൻ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.

20,000 തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ഇ.എസ്.ഐ ആശുപത്രി അനുവദിക്കാമെന്നാണ് ചട്ടം. 2000 തൊഴിലാളികൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ ഡിസ്‌പെൻസറിയും ആരംഭിക്കാം. കോർപറേഷന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ആശുപത്രികളിൽ കിടക്കകൾ വർദ്ധിപ്പിക്കാനാകൂ.

2018 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെ ഇ.എസ്.ഐ കോർപറേഷന് 803.63 കോടി വരുമാനം ലഭിച്ചു.

ഇ.എസ്.ഐ കോർപറേഷന്റെ ആദ്യയോഗത്തിൽ തൊഴിലുടമകളുടെ വിഹിതം 4.75%,​ തൊഴിലാളി വിഹിതം 1.75 % എന്നിങ്ങനെയായിരുന്നു. പിന്നീടത് 4:1 എന്നാക്കണമെന്ന് നിർദ്ദേശം വന്നു. ഏറ്റവും ഒടുവിലത്തെ യോഗത്തിൽ തൊഴിലാളി വിഹിതം 0.25% ശതമാനവും തൊഴിലുടമാവിഹിതം 3.25%ഉം ആയി നിജപ്പെടുത്തിയെന്നും എൻ.എ. നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, വി.കെ. ഇബ്രാഹിംകുഞ്ഞ്, സി. കൃഷ്ണൻ, ബി.ഡി. ദേവസ്യ, എൻ. ജയരാജ് എന്നിവരെ മന്ത്രി അറിയിച്ചു.