legislative-assembly

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 689.1305 ഹെക്ടർ സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.

ഇതിൽ 221.4337 ഹെക്ടർ ഒഴിപ്പിച്ചു. ഇടുക്കി ജില്ലയിലാണ് കൂടുതൽ കൈയ്യേറ്റം,​ 343.2489 ഹെക്ടർ. ഇതിൽ 179.6952 ഹെക്ടർ ഭൂമി ഒഴിപ്പിച്ചുവെന്നും പി.കെ ബഷീറിനെ മന്ത്രി അറിയിച്ചു. 585 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ-195.

കൈയ്യേറ്റക്കാരിൽ നിന്ന് ഒഴിപ്പിച്ചെടുത്ത വനഭൂമി വീണ്ടും കൈയ്യേറുന്നതായി മന്ത്രി കെ. രാജു പറഞ്ഞു. ഇത് തടയാൻ, കൈയേറ്റം ഒഴിപ്പിച്ച വനഭൂമി സർവേ നടത്തി അളന്ന് തിരിച്ച് അതിർത്തികളിൽ സ്ഥിരം ജണ്ടകൾ സ്ഥാപിക്കുന്നുണ്ട്. കൈയ്യേറ്റക്കാർക്കെതിരെ നിയമ നടപടികളും സ്വീകരിക്കുന്നു.. 2017 ഏപ്രിൽ ഒന്നിന് ശേഷം 119.7669 ഹെക്ടർ വനഭൂമി കൈയ്യേറിയതിൽ 111.7229 ഹെക്ടർ ഒഴിപ്പിച്ചിട്ടുണ്ട്. 8.044 ഹെക്ടർ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിട്ടേൺ ഫയൽ

ചെയ്യാത്തവർ 76,​745

സംസ്ഥാനത്തെ 76,745 നികുതിദായകർ ഒരു മാസത്തെയെങ്കിലും റിട്ടേൺ ഫയൽ ചെയ്യാത്തവരായുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് പാതയോരങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിർദ്ധന രോഗികളുടെ പേരും ചിത്രവും പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തുന്നതിന്റെ പേരിൽ . ഇടുക്കിയിൽ വണ്ടൻമേട്, പത്തനംതിട്ട പൊലീസ് സ്‌റ്റേഷനുകളിൽ ഓരോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സമ്മതപത്രമോ അനുവാദമോ വാങ്ങിയിട്ടില്ല. ഇത്തരത്തിൽ പരിപാടികൾക്ക് ഉച്ചഭാഷിണിക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ രോഗികളുടെയും പരിപാടി നടത്തുന്നവരുടെയും വസ്തുതകളും വിശദാംശങ്ങളും അന്വേഷിച്ച ശേഷമേ അനുവാദം നൽകാറുള്ളൂവെന്നും ബി.സത്യനെ അറിയിച്ചു.

ആദിവാസി പാക്കേജ്

ഫലം ചെയ്തില്ല

ആദിവാസികളിലെ ദുർബലവിഭാഗങ്ങൾക്കായി അനുവദിച്ച 148 കോടിയിൽ 141.03 കോടി ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പാക്കേജ് നടപ്പിലാക്കിയത് 2012- 16 കാലത്താണ്. പോരായ്‌മകൾ പരിഹരിച്ചാണ് പട്ടികവർഗ്ഗ വകുപ്പ് ഇപ്പോൾ നടപ്പിലാക്കുന്നത്. മുഴുവൻ പേർക്കും ബാങ്ക് അക്കൗണ്ട് നൽകി. സാമ്പത്തിക ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 9781 പേർക്ക് റവന്യൂ ഭൂമി പ്രോജക്ട് ഭൂമി വനഭൂമി എന്നിങ്ങനെ 11,​378 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. ഭൂരഹിതരായി അവശേഷിക്കുന്നത് 10,​943 കുടുംബങ്ങളാണ്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കാത്ത 53,000 വീടുകളിൽ 50,000 വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.