വായ്പ തിരിച്ചടവിന്റെ പേരിൽ ബാങ്കുകൾ കുരുക്ക് മുറുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. ജപ്തി ഭീഷണി നേരിടുന്നവർ ഇതോടെ കടുത്ത ഭീതിയിലായിട്ടുണ്ട്. വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയമുണ്ടെന്ന സർക്കാർ ഉറപ്പിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് വെള്ളിടിപോലെ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പത്രപരസ്യം. മോറട്ടോറിയത്തിന്റെ കാലാവധി ജൂലായ് 31ന് അവസാനിക്കുമെന്നും അതിനുശേഷം ആനുകൂല്യം പ്രതീക്ഷിക്കേണ്ടെന്നും ജപ്തി ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. വായ്പ തിരിച്ചടയ്ക്കാൻ വഴി കാണാതെ വിഷമിച്ചുകഴിയുന്നവർ തികഞ്ഞ അങ്കലാപ്പിലാണ്. സർക്കാർ നേരത്തെ നൽകിയ ഉറപ്പിലായിരുന്നു അവരുടെ കണക്കുകൂട്ടൽ. ബാങ്കുകളും സർക്കാരും കൈയൊഴിഞ്ഞാൽ അവരിൽ പലരുടെയും ഭാവി അക്ഷരാർത്ഥത്തിൽ വീണ്ടും വെള്ളത്തിലാകും.
മോറട്ടോറിയം വിഷയത്തിൽ ബാങ്കുകൾ ഇറക്കിയ പത്രപരസ്യം തിരുത്തിക്കാനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എത്രമാത്രം വിജയിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ബാങ്കേഴ്സ് സമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തുന്നുണ്ട്. തീരുമാനം തിരുത്തിക്കാൻ സാധിക്കാതെ വരുന്ന പക്ഷം ബാങ്ക് വായ്പ എടുത്തവർക്ക് ആശ്വാസനടപടികൾ സർക്കാർ സ്വന്തം നിലയിൽ സ്വീകരിക്കേണ്ടിവരും. സർക്കാർ തന്നെ കടുത്ത ഞെരുക്കത്തിലായ നിലയ്ക്ക് ഇത് എത്രത്തോളം നടക്കുമെന്ന് നിശ്ചയമൊന്നുമില്ല.
ജൂലായ് 31 വരെയുള്ള മോറട്ടോറിയം കാലാവധി സർക്കാർ ആവശ്യപ്പെട്ടതുപോലെ ഡിസംബർ 31 വരെ നീട്ടുന്നതുകൊണ്ട് ബാങ്കുകൾക്ക് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല. സംസ്ഥാനം കഴിഞ്ഞവർഷം നേരിടേണ്ടിവന്ന അഭൂതപൂർവമായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം നൽകാൻ സർക്കാർ തീരുമാനമെടുത്തത്. മന്ത്രിസഭ കൈക്കൊണ്ട ഇത് സംബന്ധിച്ച തീരുമാനം യഥാസമയം ഉത്തരവായി പുറത്തിറക്കുന്നതിൽ സർക്കാരിന് കഴിയാതെ പോയത് ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുൻപേ ചെയ്യേണ്ടിയിരുന്ന കാര്യമാണിത്. ചീഫ് സെക്രട്ടറിയുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി മേയ് അവസാനമാണ് മോറട്ടോറിയം ഉത്തരവ് ഇറങ്ങിയത്. എന്നാൽ മോറട്ടോറിയം നീട്ടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുർന്നാണ് ജൂലായ് 31ന് ശേഷം ജപ്തി നടപടികളുമായി നീങ്ങേണ്ടിവരുമെന്ന് ബാങ്കുകൾ നിലപാട് വ്യക്തമാക്കി പത്രപരസ്യം നൽകിയത്.
വായ്പ നൽകിയ ബാങ്കുകൾക്ക് അത് തിരികെ ഇൗടാക്കാനുള്ള അവകാശം ചോദ്യം ചെയ്യാനാവില്ല. പലിശ സഹിതം അത് മടക്കിനൽകാൻ വായ്പക്കാരൻ ബാദ്ധ്യസ്ഥനുമാണ്. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് തിരിച്ചടവ് കാലാവധിയിൽ ചെറിയൊരു ഇളവ് ആവശ്യപ്പെട്ടത്. സർക്കാരും ഇൗ ആവശ്യവുമായി മുന്നോട്ട് വന്നത് വായ്പയെടുത്ത വിവിധ വിഭാഗം ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ്. എന്നാൽ ഒരു കനിവും കാണിക്കാതെ ബാങ്കുകൾ പിടിമുറുക്കാനൊരുങ്ങുകയാണ്. വായ്പകൾ അ പ്പാടെ എഴുതിത്തള്ളണമെന്നല്ല സർക്കാരും കൃഷിക്കാരും മറ്റു ചെറുകിട വായ്പക്കാരും ബാങ്കുകളോട് ആവശ്യപ്പെടുന്നത്. വായ്പാതിരിച്ചടവ് ആറുമാസം കൂടി നീട്ടിത്തരണമെന്നേ ആവശ്യപ്പെടുന്നുള്ളു. എട്ടുലക്ഷം കോടിയിൽപ്പരം രൂപയുടെ കിട്ടാക്കടങ്ങളുമായി നിൽക്കുന്നവയാണ് രാജ്യത്തെ മുൻനിര ബാങ്കുകൾ. കേരളത്തിലെ ദുരിതബാധിതരെ വീടുകളിൽ നിന്ന് ഇറക്കിവിട്ട് വസ്തുലേലം ചെയ്തുവിറ്റ് വായ്പാതുക ഇൗടാക്കാനുള്ള ഇൗ ബാങ്കുകളുടെ അമിതാവേശം കാണുമ്പോൾ അതിനുപിന്നിലെ ദുഷ്ടമനസ് തിരിച്ചറിയുകതന്നെവേണം. കോർപ്പറേറ്റ് ഭീമന്മാരെപ്പോലെ പതിനായിരക്കണക്കിന് കോടി രൂപയുടെ വായ്പ എടുത്ത് മുങ്ങുന്നവരല്ല സംസ്ഥാനത്തെ കർഷകരും മറ്റു ചെറുകിടക്കാരും.
എടുത്ത വായ്പ ഏത് വിധേനയും മടക്കിനൽകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണവർ. പ്രളയം ഉൾപ്പെടെ പലവിധ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവന്നതുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നത്. വായ്പാതിരിച്ചടവിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ നില എന്നും മുന്നിലാണെന്ന് ബാങ്കുകൾക്കും ബോദ്ധ്യമുള്ളതാണ്. ആ നിലയ്ക്ക് വായ്പക്കാരോട് ചെറിയൊരു സൗമനസ്യം കാണിക്കുന്നതുകൊണ്ട് അവർക്ക് ഒരു നഷ്ടവും വരാൻ പോകുന്നില്ല.
ഇന്ന് ചേരുന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ സ്വന്തം നിലയിൽ എന്തു ചെയ്യാനാവുമെന്ന് സർക്കാർ ഗൗരവപൂർവം ആലോചിക്കണം. ബാങ്കുകളെപ്പോലെ ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ലല്ലോ. മാത്രമല്ല മോറട്ടോറിയം പ്രശ്നത്തിൽ സർക്കാർ നൽകിയ ഉറപ്പ് അതേപടി വിശ്വസിച്ചവരാണ് ജനങ്ങൾ. വായ്പകൾ പുനഃക്രമീകരിക്കാനും പലിശ ഇളവു നൽകാനുമൊക്കെ സർക്കാർ വിചാരിച്ചാൽ കഴിയും. ഒരു നിശ്ചിത സംഖ്യ വരെയുള്ള വായ്പകൾക്കെങ്കിലും കാലാവധി നീട്ടിക്കൊടുക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാവുന്നതാണ്. വായ്പ എടുത്തവരുടെ പശ്ചാത്തലംകൂടി മനസിലാക്കി തീരുമാനമെടുത്താൽ ഒട്ടേറെപ്പേർക്ക് ആശ്വാസമാകും. സാദ്ധ്യതകൾ അങ്ങനെ പലതാണ്. ഏതുവിധേനയും ജപ്തി നടപടികൾ ഒഴിവാക്കി ദുരിതബാധിതർക്ക് ആശ്വാസം നൽകുക എന്നതായിരിക്കണം ബാങ്കുകളുടെയും സർക്കാരിന്റയും സമീപനം. അത് സാധ്യമാകുംവിധത്തിലുള്ള നടപടിക്രമങ്ങൾ ആവിഷ്കരിക്കാവുന്നതേയുള്ളൂ.