christudas-

ലഹരിയുടെ ഉപഭോഗം മനുഷ്യനെ പിശാചിന് തുല്യനാക്കും. എന്തുചെയ്തും അവൻ ലഹരിക്കുള്ള പണം സമ്പാദിക്കും.മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമൊന്നും അവന്റെ മുന്നിൽ ഒന്നുമല്ല. ആരെയും നിഷ്‌കരുണം ഉപേക്ഷിക്കും. അല്ലെങ്കിൽ ഇല്ലാതാക്കും. ഇത് ഡെയിൽവ്യൂ സ്ഥാപകൻ ക്രിസ്തുദാസിന് നന്നായി അറിയാം. ഒരാൾ ലഹരിക്കടിമയായാൽ അത് കുടുംബത്തെയാകെ ബാധിക്കും. അയാൾ ലഹരിയിൽ നിന്ന് വിമുക്തി നേടിയാൽ ആ കുടുംബം രക്ഷപ്പെടും എന്ന് ക്രിസ്തുദാസ് അടിയുറച്ച് വിശ്വസിക്കുന്നു. ഇതിനുവേണ്ടിയാണ് സ്വന്തം നാടായ കാട്ടാക്കട വെള്ളനാട് പുനലാലിൽ ഡെയിൽവ്യൂ എന്ന ലഹരിവിമുക്ത കേന്ദ്രം സ്ഥാപിച്ചത്.100 കിടക്കകളുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഒരു ലഹരി വിമുക്ത കേന്ദ്രമാണിത്. ക്രിസ്തുദാസിന്റെ ധീരമായ നേതൃത്വവും പരിചയ സമ്പന്നരായ ഡോക്ടർമാരുടെയും കൗൺസലേഴ്സിന്റെയും നഴ്സുമാരുടെയും മനഃശാസ്ത്ര വിദഗ്ദ്ധരുടെയും അർപ്പണമനോഭാവവുമാണ് സ്ഥാപനത്തിന്റെ വിജയത്തിനുപിന്നിലെ പ്രധാന ശക്തി.

കാനഡയിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുദാസ് തിരികെ നാട്ടിലെത്തിയത് ജനസേവനം മുന്നിൽ കണ്ടാണ്. സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛന്റെ മകൻ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ആ ചിന്ത ക്രിസ്തുദാസിനെ ഇന്ന് ലോകം അറിയപ്പെടുന്ന മഹത് വ്യക്തിത്വത്തിന് ഉടമയാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡെയിൽ വ്യൂ ഇന്ന് പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെയുള്ള വലിയ ശൃംഖലയായി മാറിയിരിക്കുകയാണ്.കാട്ടാക്കടയുടെയും പുനലാലിന്റെയും അഭിമാനമായ ഡെയിൽവ്യൂ സ്‌കൂളുകൾ മികച്ച അദ്ധ്യയന നിലവാരമാണ് പുലർത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതന സാദ്ധ്യതകൾക്ക് ഡെയിൽവ്യൂ ഊന്നൽ നൽകുന്നു. പുനലാലിൽ ആരംഭിച്ച ഫാർമസി കോളേജും ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്.1976ൽ പ്രവർത്തനമാരംഭിച്ച ഡെയിൽ വ്യൂവിന് കീഴിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

അമ്മമ്മാരുടെയും കുട്ടികളുടെയും തോരാക്കണ്ണീരിന് അറുതിവരുത്തണം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ലഹരി വിമുക്തകേന്ദ്രം തുടങ്ങിയത്. പക്ഷേ പല കോണിൽ നിന്ന് ഭീഷണിയുയർന്നു. എന്നാൽ പിന്മാറാൻ കൂട്ടാക്കിയില്ല. സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി.ഉദ്ദേശ്യ ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ കൗൺസലിംഗ് സെന്റർ നടത്താനുള്ള അനുമതി ലഭിച്ചു. പ്രവർത്തനമികവുകൊണ്ട് സെന്റർ വളരെപ്പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചു. സെന്ററിൽ വരുന്നവരിൽ 70 ശതമാനവും ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് മുക്തിനേടി പുതുജീവിതത്തിലേക്ക് കടക്കുന്നു. ഇത്തരക്കാരിൽ ചിലർക്ക് ഉപജീവനത്തിനുള്ള മാർഗവും ക്രിസ്തുദാസ് തന്നെ നൽകുന്നു. ചിലരെ സ്ഥാപനത്തിലെ ചെറിയ ജോലികൾക്ക് നിയോഗിക്കും.

ഡെയിൽ വ്യൂ നീട്ടിയ സഹായഹസ്തത്തിൽ രക്ഷപ്പെട്ടവർ ഏറെയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും തണലേകി ഷെൽട്ടർ ഹോമും പ്രവർത്തിക്കുന്നുണ്ട്. വനിതാ കമ്മിഷൻ, പൊലീസ്, ജില്ലാ പഞ്ചായത്തുകൾ എന്നിവ മുഖാന്തിരം ഇവിടെ അഭയം തേടുന്നവരുണ്ട്.

രോഗികളുടെ ഒരുദിവസം

പ്രാർത്ഥന, യോഗ എന്നിവയാണ് ചികിത്സയുടെ കാതൽ. പുലർച്ചെയുള്ള യോഗാഭ്യാസത്തോടെയാണ് അന്തേവാസികളുടെ ഒരുദിവസം തുടങ്ങുന്നത്. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയുണ്ട്. കർമ്മം തന്നെ പ്രാർത്ഥനയാക്കിയ ഇദ്ദേഹം പ്രത്യേകിച്ച് ഒരു മതത്തിനും പ്രാധാന്യം നൽകി പ്രാർത്ഥന നടത്താറില്ല. സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയുള്ള ക്രിസ്തുദാസിന്റെ പെരുമാറ്റം അവരിൽ ആത്മവിശ്വാസം കൂട്ടും.ഒരുമാസമാണ് ചികിത്സയുടെ കാലാവധി. ചികിത്സാ ഫീസായി ഈടാക്കുന്നത് വളരെ കുറഞ്ഞതുകയാണ്. സ്ഥാപനത്തിലെ അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കുമുൾപ്പെടെ സന്ദർശകർക്കും ഭക്ഷണം സൗജന്യമാണ്. ആരും വിശന്നിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്.

കൃഷിക്കാരനായ സാമൂഹ്യ പ്രവർത്തകൻ

കൃഷിശാസ്ത്രം പഠിച്ചതിനാൽ ക്രിസ്തുദാസിന്റെ പ്രവർത്തനങ്ങളിലെല്ലാം മണ്ണിന്റെ മണമാണ്. ഇപ്പോഴും അദ്ധ്വാനിക്കാൻ അദ്ദേഹത്തിന് ഒരുമടിയുമില്ല. ഏക്കറുകണക്കിന് പടർന്നു കിടക്കുന്ന കൃഷിയിടത്തിൽ കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികളാണ് സ്ഥാപനത്തിൽ ഉപയോഗിക്കുന്നത്.അടുത്തിടെ കേരളസർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ സേവനരംഗത്തും കേരളത്തിന് മാതൃകയാണ് ഡെയിൽവ്യൂ. സ്വന്തമായൊരു വീട് സ്വപ്നം കണ്ടിരുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് ഇതിനോടകം 1000ത്തിലധികം വീടുകളാണ് ഡെയിൽവ്യൂ നിർമിച്ചു നൽകിയത്.

സാധാരണക്കാരുടെ കൂടെ എന്നും

ഈറ്റത്തൊഴിലിൽ ഏർപ്പെട്ടിരുന്നവരെ സംഘടിപ്പിച്ച് അവർക്ക് വരുമാനവർദ്ധനവിനായി ഡെയിൽവ്യൂ ആവിഷ്‌കരിച്ച ആശയം വൻ വിജയമായിരുന്നു. ഇവർക്ക് തങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ഇതു വഴി സാധിക്കുന്നുണ്ട്. ഇതു കൂടാതെ സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാര മാർഗവുമായി ഡെയിൽവ്യൂ മുന്നോട്ട് എത്തിയിട്ടുണ്ട്. റോഡുകൾ നന്നാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഡെയിൽവ്യൂ നടപ്പാക്കിയ പ്രവർത്തനങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം.

പുരസ്‌കാരങ്ങളുടെ തോഴൻ

ക്രിസ്തുദാസിന് 25ലധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, സോഷ്യൽ സർവ്വീസ് അവാർഡ് (ഗവ.ഒഫ് ഇന്ത്യ), ഡോ.സി.ഒ. കരുണാകരൻ മെമ്മോറിയൽ പ്ലാറ്റിനം ജൂബിലി അവാർഡ് (1990), വിജയൻ രത്തൻ അവാർഡ് (ഗവ.ഒഫ് ഇന്ത്യ), ഡേ.ബി.ആർ. അംബേദ്കർ അവാർഡ്, പീപ്പീൾസ് ഡെവലപ്‌മെന്റ് മിഷന്റെ പുരസ്‌കാരം. വിവേകാനന്ദ പുരസ്‌കാർ, സേവനരത്ന അവാർഡ് (2010) എന്നിവ പുരസ്‌കാരങ്ങളിൽ ചിലതാണ്. 2014ൽ ഇദ്ദേഹത്തിന് ഗ്‌ളോബൽ യൂണിവേഴ്സ്റ്റി ഫോർ പീസ് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ഉറ്റതാേഴനാണ് ക്രിസ്തുദാസ്. സ്ഥാപനത്തിൽ കലാമിന്റെ ഓർമ്മക്കായി കലാം മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. കലാം ഡെയിൽവ്യൂവിൽ നടത്തിയ പ്രസംഗമാണ് തന്റെ പ്രവർത്തനങ്ങൾക്ക് ഉർജം പകരുന്നതെന്നാണ് ക്രിസ്തുദാസ് പറയുന്നത്.

പ്രവൃത്തിയാണ് ക്രിസ്തുദാസിന് ആരാധന. അതുകൊണ്ടാണ് മദ്യപാനവും നിരക്ഷരതയും വിളയാടിയ ഗ്രാമത്തെ മാറ്റാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത്. ക്രിസ്തുദാസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാടിനെ സേവിക്കാൻ മുന്നിലുണ്ട്.