തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിന് തിരിച്ചറിയൽ കാർഡിന് ഹാജരായ എല്ലാ അംഗങ്ങൾക്കും കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിനൽകി.
തിരുവനന്തപുരം ജില്ലയിൽ ജോലി നോക്കുന്ന പൊലീസ് ഉദ്യാഗസ്ഥർ എ ക്ലാസ് അംഗങ്ങളായിട്ടുള്ള റ്റി.696ാം നമ്പർ പൊലീസ് സഹകരണ സംഘത്തിൽ നിലവിലുണ്ടായിരുന്ന ഭരണസമിതിയെ നീക്കം ചെയ്ത് അഡ്മിനിസ്ട്റേറ്റീവ് ഭരണത്തിലാക്കി. പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിനെതിരായ ഹൈക്കോടതി വിധിയെ തുടർന്ന് നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന ആർ. ജി. ഹരിലാൽ കൺവീനറായും വിനു. റ്റി.എസ് നായർ, എസ്.എസ് രതിഷ് എന്നിവർ അംഗങ്ങളായും മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു. കൺവീനർ ഒരു ഭാഗത്തും അംഗങ്ങൾ മറുഭാഗത്തുമായി നിലപാടുകൾ സ്വീകരിച്ചതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അഡ്മിനിസ്ട്റേറ്റീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ സെപ്തംബർ 21ന് അവസാനിച്ചു. തുടർന്ന്, പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ജൂൺ 30ന് മുമ്പ് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് 23ന് പ്രഭിത്ത് എസ് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. എന്നാൽ , സഹകരണ ചട്ടം അനുശാസിക്കുന്ന മാതൃകയിൽ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യണമെന്ന് തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ നിർദ്ദേശം നൽകി. ഹൈക്കോടതിയിൽ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഇത് ശരിവച്ചു. അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററുടെ തീരുമാനപ്രകാരമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ജൂൺ 27ന് തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന സഹകരണ തിരഞ്ഞടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതായും മന്ത്റി അറിയിച്ചു