anthoor-municipal-chairpe

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമളയ്‌ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. ആത്മഹത്യാ പ്രേരണക്കു​റ്റം ചുമത്തി ശ്യാമളയ്‌ക്കെതിരേ കേസെടുക്കണമെന്നും സാജന്റെ കൺവെൻഷൻ സെന്ററിന് ഉടനേ താത്കാലിക ലൈസൻസെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ മുദ്റാവാക്യം മുഴക്കി. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്‌ണൻ, വി.ടി. ബൽറാം, എൽദോസ് കുന്നപ്പള്ളി എന്നിവർ സ്പീക്കറെ മറച്ചു പോഡിയത്തിൽ കയറി നിന്നു പ്രതിഷേധിച്ചതോടെ സഭാനടപടികൾ താത്കാലികമായി നിറുത്തിവച്ചു. പിന്നീട് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം വീണ്ടും കടുത്തതോടെ സഭാ നടപടികൾ നിറുത്തിവയ്ക്കുകയായിരുന്നു. ഈ സമ്മേളനത്തിൽ ആദ്യമായാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.

പി. ജയരാജനെ പോലുള്ള ബിംബങ്ങളെ

ഉപയോഗിച്ച് വേട്ടയാടണ്ട: മുഖ്യമന്ത്റി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പി. ജയരാജനെ പോലുള്ള ബിംബങ്ങളെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടാനാണു ശ്രമിക്കുന്നതെന്നും അങ്ങനെയൊന്നും പാർട്ടിയെ തകർക്കാനാവില്ലെന്നും മുഖ്യമന്ത്റി പറഞ്ഞു. പഞ്ചായത്തിരാജ് നിയമമനുസരിച്ച് എല്ലാ അധികാരങ്ങളും സെക്രട്ടറിയിൽ നിക്ഷിപ്തമാണെന്നും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള എൻജിനിയർ എഴുതി നൽകിയിട്ടും ഇതു തിരുത്തി സെക്രട്ടറി സ്വന്തം റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്റി ആരോപിച്ചു. സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതുവരെ ഒരു ആരോപണവും കേൾപ്പിക്കാത്ത മാന്യനായ നേതാവാണ് എം.വി. ഗോവിന്ദൻ. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കരുത്. നിയമസഭയുടെ പരിരക്ഷയുള്ളതിനാൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എല്ലാത്തിനും മറുപടി നൽകാൻ പ്രയാസമാണ്. ആരു തെ​റ്റു ചെയ്താലും അവർക്കെതിരേ കർശന നടപടിയുണ്ടാകും. എന്നാൽ, സി.പി.എമ്മുകാരായതിന്റെ പേരിൽ ക്രൂശിക്കാമെന്നു കരുതേണ്ടെന്നും പി.കെ. ശ്യാമളയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്റി മറുപടി നൽകി.

ഉദ്യോഗസ്ഥരെ ബലിയാടാക്കി: ചെന്നിത്തല

നാല് ഉദ്യോഗസ്ഥരെ ബലിയാടാക്കി പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നതെന്നാണു മുഖ്യമന്ത്റിയുടെ മറുപടിയിൽ വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത ശേഷവും കൺവെൻഷൻ സെന്ററിന് താത്കാലിക ലൈസൻസ് പോലും നൽകാൻ തയ്യാറാകാത്തതു സർക്കാരിന്റെ ധാർഷ്ട്യമാണു കാട്ടുന്നത്. 'ഞാൻ ഈ കസേരയിൽ ഇരിക്കുന്ന കാലം ലൈസൻസ് നൽകില്ലെന്നാണ്' പി.കെ. ശ്യാമള, സാജനോടു പറഞ്ഞത്. ശ്യാമളയുടെ പേരിൽ ആത്മഹത്യാ പ്രേരണക്കു​റ്റം ചുമത്തി കേസെടുക്കണം. സി.പി.എമ്മിലെ വിഭാഗീയതയാണ് കണ്ണൂരിലെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കെ.എം. ഷാജി ആരോപിച്ചു.

പിന്നീട് നിയമസഭാ കവാടത്തിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചു.