തിരുവനന്തപുരം: പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്റി നിയമസഭയെ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ സംബന്ധിച്ച് മുനിസിപ്പൽ പഞ്ചായത്തീരാജ് നിയമങ്ങളിൽ സെക്രട്ടറിക്ക് മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണലിൽ അപ്പീൽ നൽകാം. ചെയർമാനോ കൗൺസിലിനോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ അപ്പീൽ കേൾക്കാനോ അധികാരമില്ല. കെട്ടിടനിർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ട്രിബ്യൂണൽ തിരുവനന്തപുരത്തു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.അപ്പീൽ തീർപ്പാക്കാൻ 6 മാസം മുതൽ 1 വർഷം വരെ സമയമെടുക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ കൂടി ട്രിബ്യൂണൽ ആരംഭിക്കുന്നത് പരിശോധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അപേക്ഷകളിലെ ന്യൂനതകൾ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കണമെന്നത് ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങൾ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങൾ പുറപ്പെടുവിക്കും. നിലവിലെ ഓൺലൈൻ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മുൻകൈ എടുക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം കെട്ടിടനിർമ്മാണ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതികവൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാം. സെക്രട്ടറിയുടെ ഈ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കും. സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കിൽ സാങ്കേതിക വിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം ചർച്ചയുടെ മിനിട്‌സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലിൽ രേഖപ്പെടുത്തണം. ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളിൽ ഉൾപ്പെടുത്തും.