kerala-legislative-assemb

ആന്തൂരിൽ പ്രവാസി വ്യവസായിക്ക് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എങ്കിൽ അതേ ആന്തൂർ നഗരസഭ ഒന്നുകൊണ്ട് മാത്രം നിയമസഭാ സമ്മേളനത്തിനും ഇന്നലെ ശൂന്യവേളയിൽ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ആന്തൂരിലെ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷം സംശയിക്കുകയും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറയുകയും ചെയ്യുന്ന സ്ഥിതിക്ക് അതല്ലാതെ മറ്റൊരു മാർഗം ഇന്നലെ മുന്നിലില്ലായിരുന്നു.

വകുപ്പ് 306 (ആത്മഹത്യാപ്രേരണ) പ്രകാരം ആന്തൂർ നഗരസഭാ അദ്ധ്യക്ഷയ്ക്കെതിരെ കേസെടുക്കണമെന്ന് വാദിച്ചത് പ്രതിപക്ഷ നേതാവാണ്. സി.ആർ.പി.സി 173 പ്രകാരം അവിടെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി എ.കെ. ബാലൻ വാദിച്ചുനോക്കി. അന്വേഷണം നടക്കുന്ന കേസിൽ ഏത് വകുപ്പെടുത്ത് കേസെടുക്കണമെന്ന് നിയമസഭയ്ക്ക് നിശ്ചയിക്കാനാകുമോയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിസഹായനായതോടെ കാര്യങ്ങൾക്ക് ഒരു തീർപ്പായി എന്ന് പറഞ്ഞാൽ മതി. അരമണിക്കൂർ നിറുത്തിവച്ച ശേഷം 11.30ന് പുനരാരംഭിച്ച സഭയ്ക്കകത്ത് അരമണിക്കൂറിന് മുമ്പെന്ന പോലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പുത്തൻ അടവും ഇന്നലെയവർ പുറത്തെടുത്തു. സ്പീക്കറുടെ ഡയസിൽ പിടിച്ചുകയറി അദ്ദേഹത്തിന്റെ മുഖംമറച്ച് നിന്ന് പ്രതിപക്ഷം കലാപ്രകടനം ഗംഭീരമാക്കി. നേരത്തേ ബാനർ പൊക്കിപ്പിടിച്ച് നടത്തിവന്ന പ്രകടനത്തിനൊരു വകഭേദം!

ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന തലക്കെട്ടോടെ ആരംഭിച്ച സർക്കാരിന്റെ കാലത്ത് ഓരോ ജീവിതത്തിലും ഒരു ഫയലുണ്ട് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നതായി അടിയന്തരപ്രമേയനോട്ടീസ് നൽകിയ കെ.എം. ഷാജി വിലയിരുത്തി. ആ ഫയലുകൾ പക്ഷേ സൂക്ഷിക്കുന്നത് ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയിലും ആശുപത്രി മോർച്ചറിയിലുമാണത്രേ. പാറയിൽ സാജൻ ലൈസൻസ് കിട്ടുന്നതിനായി പി. ജയരാജനെ സമീപിച്ചതാണ് ചെയർപേഴ്സൺ ശ്യാമളയെ പ്രകോപിപ്പിച്ചത് എന്ന് ഷാജി സമർത്ഥിച്ചു. ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും മരിക്കും എന്നതാണ് സ്ഥിതിയെന്നാണ് ഷാജിയുടെ പരിതാപം.

സി.പി.എമ്മിനെ ആക്ഷേപിക്കാൻ സി.പി.എമ്മിന്റെ നേതാവായ പി. ജയരാജനെ തന്നെ ഉപയോഗിക്കുന്നതാണ് എന്നാണ് ഷാജിയുടെ പ്രസംഗം കേട്ട മുഖ്യമന്ത്രിയിലുണർത്തിയ ചിന്ത. അത്തരം ചില ബിംബങ്ങളെ നേരത്തേയും ഉപയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ എന്തോ ഒളിഞ്ഞ് കിടപ്പുള്ളത് പോലെ തോന്നി. ചില 'ബിംബ'ങ്ങൾ മുൻകാലങ്ങളിൽ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയത് പോലെയോ മറ്റോ! ആരും ചിന്തിച്ച് കാട് കയറാതിരിക്കാനുള്ള ജാഗ്രത തൊട്ടടുത്ത നിമിഷത്തിൽ തന്നെ മുഖ്യമന്ത്രിയിൽ നിന്നുണ്ടായി. സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകനായതിനാൽ ആർ.എസ്.എസിന്റെ ആക്രമണത്തിനിരയായ ജയരാജൻ സ്വന്തം കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ പോലുമാകാത്തയാളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ ബിംബകല്പന കേട്ട പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി തന്നെ ബിംബമായി മാറിക്കൊണ്ടിരിക്കുന്നതായാണ് തോന്നിയത്.

സി.പി.എമ്മാണോ അല്ലയോ എന്ന് നോക്കാതെ ആര് തെറ്റ് ചെയ്താലും കർശനനടപടിയെടുക്കുമെന്ന് ആന്തൂരിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി ചങ്ക് പറിച്ച് കാട്ടിക്കൊടുത്തിട്ടും പ്രതിപക്ഷത്തിന് അത് ചെമ്പരത്തിപ്പൂ പോലെയേ തോന്നിയുള്ളൂ. അതിനാൽ അവർ നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. സ്വന്തം പാർട്ടിക്കാരനായ പാറയിൽ സാജനോട് ഇതാണ് സമീപനമെങ്കിൽ മറ്റുള്ളവരോട് എന്താകുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു: 'പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരത്തോട് എങ്ങനെയാകും?'

ആന്തൂർ വിഷയത്തിൽ താനും കുറ്റവാളിയാണെന്ന് ആന്തൂർ ഉൾപ്പെട്ട തളിപ്പറമ്പിലെ അംഗം ജെയിംസ് മാത്യു പ്രസംഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധാർമ്മികമായി താനും പങ്കാളിയാണെന്ന് പ്രസംഗിച്ചതിനെ താൻ കുറ്റവാളിയെന്ന് സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വ്യാഖ്യാനിക്കുന്നതായാണ് ജെയിംസ് മാത്യുവിന് അതനുഭവപ്പെട്ടത്. അത് തിരുത്താതെ പോയാൽ പിശകാവുമെന്നാണ് അഭ്യർത്ഥന. ധാർമ്മിക പങ്കാളിത്തം ഏറ്റെടുക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും വ്യംഗ്യാർത്ഥം ചികയേണ്ടതുണ്ടോ എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.