തിരുവനന്തപുരം: ട്രയൽ റണ്ണിൽ തന്നെ 32 കേസുകൾ തെളിയിച്ച് സൂപ്പർസ്റ്റാറായിരിക്കുകയാണ് പൊലീസിന്റെ പുതിയ ഫിംഗർപ്രിന്റ് ബാങ്ക്.
കവർച്ചയോ, വാഹനമോഷണമോ, കൊലപാതകമോ ഏതുമാകട്ടെ, കുറ്റവാളിയുടെ ഒരു വിരൽപ്പാട് മതി കുറ്റം തെളിയിക്കാൻ. ഫിംഗർപ്രിന്റ് ബാങ്കിലേക്ക് അപ്ലോഡ് ചെയ്താൽ കോടിക്കണക്കിന് വിരലടയാളങ്ങളുമായി ഒത്തുനോക്കി കുറ്റവാളിയെ കണ്ടെത്തും. ഈ വിരലടയാളക്കാരൻ മുമ്പ് ചെയ്ത എല്ലാ കുറ്റകൃത്യങ്ങളും ഒന്നൊന്നായി നിരത്തും. വിരലടയാളം ബാങ്കിലില്ലാത്തതാണെങ്കിൽ ഏകദേശസാമ്യമുള്ള കൈരേഖക്കാരുടെ വിവരങ്ങളും നൽകും. ട്രയൽറണ്ണിൽ വൻവിജയമായ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം 15 ദിവസത്തിനകം പൊലീസിന്റെ ഭാഗമാകും.
വിവിധ നിറങ്ങളിലെ പൗഡറുകളും ലൈൻസും ബ്രഷുമായി വിരലടയാളം ശേഖരിച്ച് ഫയലിലുള്ളവയുമായി ഒത്തുനോക്കുകയായിരുന്നു ഇതുവരെയുള്ള രീതി. ഇനി വിരലടയാളത്തിന്റെ ചിത്രമെടുത്ത് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ അപ്ലോഡ് ചെയ്താൽ മതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്കുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിവിധ സംസ്ഥാനങ്ങളിൽ ശേഖരിച്ചുവച്ചിട്ടുള്ള വിരലടയാളങ്ങളുമായി ഒത്തുനോക്കി നിമിഷങ്ങൾക്കകം ഫലം ലഭിക്കുമെന്ന് അഡി. ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. മഹാരാഷ്ട്രയ്ക്കും തെലങ്കാനയ്ക്കും പിന്നാലെയാണ് കേരളത്തിലും ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് സംവിധാനം സജ്ജമായത്. അറുനൂറിലേറെ പൊലീസ് സ്റ്റേഷനുകൾ, ജില്ലാ പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവയ്ക്കെല്ലാം ഡേറ്റാബേസിൽ പ്രവേശനമുണ്ടാവും.
മുറിഞ്ഞുപോയതും അപൂർണവുമായ വിരലടയാളങ്ങളും കേന്ദ്ര ഡേറ്റാബേസിലുള്ളവയുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാവും. ഏകദേശസാമ്യമുള്ള 'ചാൻസ് പ്രിന്റുകൾ' സോഫ്റ്റ്വെയർ നൽകും. പ്രതിയിലേക്കുള്ള തുമ്പായി ഇത് മാറാനിടയുണ്ട്. തിരിച്ചറിയുന്ന എല്ലാ വിരലടയാളങ്ങളുടെയും ഉടമസ്ഥൻ, അയാളുടെ വിലാസവും ഫോൺനമ്പരും ആധാർനമ്പരുമടക്കമുള്ള പൂർണവിവരങ്ങൾ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യും. ഭാവിയിൽ കുറ്റംചെയ്താൽ പ്രതിയുടെ 'ജാതകം' തന്നെ പൊലീസിന് കിട്ടുമെന്നർത്ഥം. പുതുതായി ലഭിക്കുന്ന വിരലടയാളങ്ങളും ശേഖരിച്ചുവച്ച്, പ്രതിയെ കണ്ടെത്തിയശേഷം വിവരങ്ങൾ കൂട്ടിച്ചേർക്കും. പൊലീസ് വർഷങ്ങളായി ശ്രമിച്ചിട്ടും ഉടമയെ കിട്ടാതിരുന്ന 32 വിരലടയാളങ്ങളാണ് ആട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷന്റെ ട്രയൽറണ്ണിൽ തെളിഞ്ഞുവന്നത്. സി-ഡാകും എൻ.ഇ.സി ടെക്നോളജീസും ചേർന്നാണ് ആട്ടോമേറ്റഡ് സംവിധാനം സജ്ജമാക്കിയത്.
ഇതാണാ രേഖ...!
ക്രൈം സീനിൽ നിന്നുകിട്ടുന്ന സംശയകരമായ വിരലടയാളം സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യും
രാജ്യത്തുടനീളം ശേഖരിച്ചിട്ടുള്ള ഫിംഗർപ്രിന്റുകളുമായി ഒത്തുനോക്കും
പൊലീസ് ആസ്ഥാനത്തെ സെർവറിനും ഡേറ്റാബേസിനും അതിസുരക്ഷ
വിവരങ്ങൾ ചോരാതിരിക്കാൻ ഡേറ്റാ എൻക്രിപ്റ്റഡ് ആയിരിക്കും
5.50 കോടി
ആട്ടോമേറ്റഡ് സംവിധാനത്തിന് അഞ്ചരക്കോടിയാണ് ചെലവ്. കേന്ദ്രം രണ്ടുകോടി നൽകും
''ആട്ടോമേറ്റഡ് സംവിധാനം വരുന്നതോടെ കുറ്റാന്വേഷണം ശാസ്ത്രീയവും വേഗത്തിലുമാവും. എത്രവേണമെങ്കിലും ഫിംഗർപ്രിന്റുകൾ ഇതിൽ കൂട്ടിച്ചേർക്കാം''
-മനോജ് എബ്രഹാം
അഡി. ഡി.ജി.പി