തിരുവനന്തപുരം:വെറും രണ്ട് രൂപയ്‌ക്ക് കളിമണ്ണ് കൊണ്ടൊരു സാനിട്ടറി പാഡ്! ഉപയോഗശേഷം കുഴിച്ചുമൂടിയാൽ മണ്ണിൽ അലിയും. ഈ ജൈവപാഡുകൾ നിർമ്മിച്ചത് തിരുവനന്തപുരം സ്വദേശിയായ ഇഷാനിയെന്ന പതിനാറുകാരിയാണ്. സർക്കാരിന്റെ അംഗീകാരം ലഭിച്ച ഇഷാനിയുടെ ജൈവപാഡുകൾ 2021ന് മുമ്പ് വിപണിയിലെത്തും. ഇതിന്റെ പേറ്റന്റിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് കൊച്ചുമിടുക്കി.
കോട്ടൺഹിൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഇഷാനി ആദ്യമായി ജൈവപാഡ് നിർമ്മിക്കുന്നത്. ആയിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹില്ലിൽ സാനിട്ടറി പാഡുകളുടെ സംസ്‌കരണം കീറാമുട്ടിയായിരുന്നു. പാഡിന്റെ വിലക്കൂടുതലും പ്രശ്നമായിരുന്നു. ഇത്തരം ചിന്തകളാണ് ഇഷാനിയെ ജൈവ പാഡിലേക്ക് എത്തിച്ചത്. വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയിലെ ഉദ്യോഗസ്ഥയായിരുന്ന അമ്മ പ്രമദ പ്രോത്സാഹിപ്പിച്ചതോടെ ഇഷാനിയിലെ കുട്ടി ശാസ്ത്രജ്ഞ ഉണർന്നു. പിന്നെ നിരവധി പരീക്ഷണങ്ങൾ. ഒടുവിൽ കളിമണ്ണിൽ പാഡ് നിർമ്മിച്ചു. പാഡിൽ ആടിന്റെ ചോര ഒഴിച്ചായിരുന്നു ആദ്യ പരീക്ഷണം. നൂറുശതമാനം വിജയം. ആത്മവിശ്വാസം ഇരട്ടിയായി.പാഡിന്റെ ആദ്യ രൂപമായെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ പര്യാപ്തമായിരുന്നില്ല. തൃശൂരിലെ 'കണിക' എന്ന സാനിട്ടറി പാഡ് യൂണിറ്റുമായി ബന്ധപ്പെട്ടു. ഒരു ദിവസത്തേക്ക് അവരുടെ മെഷീൻ കടംവാങ്ങി.
നിർമ്മാണം
കളിമണ്ണ് രാസവസ്‌തുക്കൾ ഉപയോഗിക്കാതെ പലപ്രാവശ്യം കഴുകി ശുദ്ധിയാക്കി സംസ്‌കരിക്കും. ചില ചെടികളുടെ നാരും സംസ്‌കരിച്ച കളിമണ്ണും പൊടിച്ച് പ്രത്യേക അനുപാതത്തിൽ ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് പാഡിന്റെ നിർമ്മാണം. ഇതിന്റെ പുറം കോട്ടൺ തുണികൊണ്ട് പൊതിയും. മെഷീൻ ഉപയോഗിച്ചാണ് നിർമ്മാണം. അണുബാധ ഉണ്ടാകാതിരിക്കാൻ നിർമ്മാണഘട്ടത്തിൽ പാഡ് യു.വി ചേംബറിലൂടെ (അൾട്രാവയലെറ്റ് രശ്‌മി) കടത്തിവിടും.
അംഗീകാരങ്ങൾ
സംസ്ഥാന സർക്കാരിന്റെ യംഗ് ഇന്നവേറ്റേഴ്സ് അവാർഡ്
'ജൈവ പാഡ്' വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിൽ എത്തി
കേരള ഗണിതശാസ്ത്ര പരിഷത്തിന്റെ ഗണിതപരീക്ഷയിൽ സ്വർണമെഡൽ
ഇഷാനി
കരമന ശാസ്ത്രിനഗർ നന്ദനത്തിൽ വൈദ്യുതി വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയറായ രഞ്ജിത്ത് കുമാറിന്റെയും പ്രമദയുടെയും ഇളയമകൾ
ഫുൾ എ പ്ലസ് നേടി പത്താം ക്ലാസ് പാസായി.
ഇപ്പോൾ സഫയറിലെ പ്ളസ് വൺ വിദ്യാർത്ഥിനി
ബിടെക് ബിരുദധാരിയായ യശ്വന്താണ് സഹോദരൻ.
രണ്ടുരൂപയാണ് ഒരു പാഡിന്റെ നിർമ്മാണ ചെലവ്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചാൽ വില ഇനിയും കുറയ്ക്കാം
- ഇഷാനി