-ramesh-chennithala-

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ,ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവാസി മലയാളികളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണിത്. രാജിക്കത്ത് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. ലോക കേരളസഭയിലെ അംഗത്വം ഉപേക്ഷിക്കാൻ യു.ഡി.എഫ് എം.എൽ.എമാരും ആലോചിക്കുന്നതായും നിയമസഭാകക്ഷിയോഗത്തിൽ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും അറിയിച്ചു.
ആത്മഹത്യചെയ്ത സാജൻ സി.പി.എമ്മിലെ വിഭാഗീയതയുടെ രക്തസാക്ഷിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി . സംഭവം നാർകോട്ടിക് ഡിവൈ.എസ്.പിയല്ല അന്വേഷിക്കേണ്ടത്. ഇപ്പോഴത്തെ അന്വേഷണം ഉദ്ദേശിക്കുന്നത് പോലെ റിപ്പോർട്ട് എഴുതിക്കിട്ടുന്നതിനാണ്. . ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം. താൻ ചെയർപേഴ്സണായി ഇരിക്കുന്നിടത്തോളം ഒാഡിറ്റോറിയത്തിന് ലൈസൻസ് നൽകില്ലെന്ന് പറയാൻ അവരെ പ്രേരിപ്പിച്ചത് ഉന്നത കമ്യൂണിസ്റ്റ് നേതാവിന്റെ സഹധർമ്മിണിയാണെന്ന ധാർഷ്ട്യമാണ്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം വസ്തുതകൾ വളച്ചൊടിക്കുന്നതാണ്. പ്രശ്നം ഇത്രത്തോളം വഷളായിട്ടും ഒാഡിറ്റോറിയത്തിന് ലൈസൻസ് നൽകാൻ മുനിസിപ്പാലിറ്റി തയാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുനിസിപ്പൽ സെക്രട്ടറി സർവാധികാരിയാണെന്ന് പറയുന്ന മുഖ്യമന്ത്രി ആളുകളെ വിഡ്ഢികളാക്കുകയാണോയെന്ന് എം.കെ മുനീർ ചോദിച്ചു. മന്ത്രി വിചാരിച്ചാൽ എടുത്തുമാറ്റാവുന്നതേയുള്ളൂ സെക്രട്ടറി പദവി. ലൈസൻസ് നൽകേണ്ടെന്ന് സെക്രട്ടറി ഒറ്റക്ക് തീരുമാനിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. കോടിയേരി മകനെ തള്ളിപ്പറഞ്ഞാൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് പറയുന്നത് നാട്ടുകാരെ പരിഹസിക്കലാണ്. പറയാമെന്നല്ലാതെ മക്കളെയോ കുടുംബത്തെയോ തള്ളിക്കളയാൻ ആർക്കും സാധിക്കില്ലെന്നും മുനീർ പരിഹസിച്ചു.