mullappally

തിരുവനന്തപുരം: സെക്രട്ടറി മുതൽ താഴേതട്ടിലുള്ള നേതാക്കൾ വരെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിട്ടും സി.പി.എം നേതൃത്വം മൗനം തുടരുന്നത് അവരുടെ അപചയത്തിന്റെയും ധാർമ്മിക അധഃപതനത്തിന്റെയും വ്യാപ്തി പ്രകടമാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. മകനെതിരേ ഉയർന്ന പരാതിയെക്കുറിച്ച് കോടിയേരിക്ക് അറിയാമായിരുന്നെന്നും സംഭവത്തിൽ ഇടപെട്ടുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. പാർട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട ഇത്തരമൊരു പരാതി സി.പി.എമ്മിൽ ഉയരുന്നത് ആദ്യമാണ്. സ്ത്രീപീഡകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സി.പി.എം നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതികളായി വരുന്നത്.
ആന്തൂർ സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷയോട് രാജിവയ്‌ക്കാനും നിയമ നടപടികൾ നേരിടാനും ഉപദേശിക്കേണ്ട പാർട്ടി അവരെ വെള്ളപൂശാൻ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ നഗരസഭയും സർക്കാരും തയ്യാറാകണം.

നഗരസഭാ അദ്ധ്യക്ഷയ്‌ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴിയുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.