വിതുര: നാട്ടുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എന്നിട്ടും തൊളിക്കോട് പഞ്ചായത്തിലെ മിക്ക മേഖലകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നാണ് പരാതി. ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകളാണ് മാസങ്ങൾ പിന്നിട്ടതോടെ കത്താതായത്. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചായത്തിലെ 16 വാർഡുകളിലുമായി ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ ലൈറ്റുകൾ കേടായതായി നാട്ടുകാർ പറയുന്നു. കേടായ ലൈറ്റുകൾ നന്നാക്കാറുമില്ല. ഇതിന് പുറമേ നേരത്തെയുണ്ടായിരുന്ന സി.എഫ്.എൽ.ലൈറ്റുകളും കേടായതോടെ മിക്ക ജംഗ്ഷനുകളും രാത്രിയിൽ ഇരുട്ടിന്റെ പിടിയിലാണ്. തോട്ടുമുക്ക് ജംഗ്ഷനിൽ എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും കത്താതായിട്ട് മാസങ്ങളായി.

തെരുവ് വിളക്കുകൾ പ്രകാശിക്കാതെയായതോടെ പഞ്ചായത്തിലെ മിക്ക മേഖലകളിലും ഇരുളിന്റെ മറവിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാട്ടം നടത്തുന്നതായി വ്യാപകമായി പരാതിയുണ്ട്. മാത്രമല്ല അനവധി സ്ഥലങ്ങളിൽ മോഷണവും നടക്കുന്നുണ്ട്. തോട്ടുമുക്ക്, പൊൻപാറ മേഖലകളിൽ വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിച്ച സംഭവവുമുണ്ടായി.

തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ പ്രധാന ജംഗ്ഷനുകൾ രാത്രികാലങ്ങളിൽ ഇരുട്ടിൽ മുങ്ങുന്നത് തെരുവ്നായകൾക്ക് അനുഗ്രഹമായി മാറി. രാത്രിയിൽ ജംഗ്ഷനുകൾ നായകളുടെ നിയന്ത്രണത്തിലാണ്. ഇതുവഴിയുള്ള രാത്രി സഞ്ചാരത്തിൽ പലപ്പോഴും നാട്ടുകാർ നായ്ക്കളെ കാണാറില്ല. ഇവ മുന്നിലേക്ക് ചാടിവീഴുമ്പോഴാണ് പലരും നായ്ക്കളെ കാണുന്നത്. ജംഗ്ഷനുകളിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോയ അനവധി പേരെയാണ് നായകൾ ആക്രമിച്ചത്.