തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ പിളർപ്പിന് ശേഷവും പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിൽ വാക്പോര് തുടരവേ, സമവായനീക്കങ്ങൾ തുടർന്ന് യു.ഡി.എഫ് നേതൃത്വം. പി.ജെ. ജോസഫുമായി നേരത്തേ നടത്തിയ ചർച്ചയുടെ തുടർച്ചയായി ഇന്നലെ ജോസ് കെ. മാണിയുമായി നടത്തിയ ചർച്ചയിൽ ഇരുവിഭാഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് നേതൃത്വം നിർദ്ദേശിച്ചു. സമവായസാദ്ധ്യതകൾ അടയ്ക്കരുതെന്നും പ്രകോപനപരമായ നീക്കങ്ങൾ പാടില്ലെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഡോ. എം.കെ. മുനീർ എന്നിവരാണ് ജോസ് കെ. മാണിയുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയത്.
പാർട്ടിയുടെ നിയമസഭാകക്ഷിനേതാവിന്റെ കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ ചെയർമാന്റെ കാര്യത്തിൽ ഇനി വിട്ടുവീഴ്ച പറ്റില്ലെന്നും ചർച്ചയിൽ ജോസ് കെ. മാണി വ്യക്തമാക്കിയതായാണ് സൂചന.
ഭൂരിഭാഗം വരുന്ന പ്രവർത്തകരുടെ വികാരമാണ് തന്നെ ചെയർമാനാക്കിയതെന്നും അതിൽ നിന്നൊരു പിന്മാറ്റം അസാദ്ധ്യമാണെന്നുമുള്ള സൂചനയാണ് ജോസ് കെ. മാണി നൽകിയതെന്നറിയുന്നു.
പാർട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന് തന്നെയാണ് എക്കാലത്തും തങ്ങൾ സ്വീകരിച്ച നിലപാടെന്നും അക്കാര്യം മുന്നണി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ചർച്ചയ്ക്ക് ശേഷം ജോസ് കെ. മാണി വാർത്താലേഖകരോട് പറഞ്ഞു.
ജോസ് കെ. മാണിയെ മാറ്റുന്ന സ്ഥിതിവിശേഷം ഇനിയുണ്ടാവില്ലെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എയും വ്യക്തമാക്കി. ഡോ.എൻ. ജയരാജും സംബന്ധിച്ചു.