തിരുവനന്തപുരം: തീരദേശത്തോടും മത്സ്യത്തൊഴിലാളികളോടും സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി, വെളിയംകോട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് അക്രമാസക്തമായി. പാളയം എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നിയമസഭാകവാടത്തിന് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചു. ചിലർ ബാരിക്കേഡിന് മുകളിലും കയറി. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു.
മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ സർക്കാർ നിരന്തരം വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച തീരദേശ പദ്ധതികൾ പാഴാക്കുന്ന സമീപനമാണ് ഇടത് സർക്കാരിന്റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, മുൻ എം.പി സി. ഹരിദാസ്, അബ്ദുൽ മജീദ്, വി.വി. പ്രകാശ്, സെയ്ത് മുഹമ്മദ് തങ്ങൾ, വി. ബാബുരാജ്, എ.എം. രോഹിത്, സിദ്ധീഖ് പന്താവൂർ, ഷംസു കല്ലാട്ടയിൽ എന്നിവർ സംസാരിച്ചു.