തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തുറമുഖങ്ങളിലെ തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂർ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക്ലാസ് ബി 666 രൂപയും ക്ലാസ് സി 655 രൂപയും ക്ലാസ് ഡി 643 രൂപയും ക്ലാസ് ഇ 637 രൂപയുമായിരിക്കും. പീസ് റേറ്റ് വ്യവസ്ഥയിലോ ടണ്ണേജ് അടിസ്ഥാനത്തിലോ വേതനം നൽകുന്ന ഓരോ തുറമുഖത്തിന്റെയും കാര്യത്തിൽ 2011 മേയ് മൂന്നിലെ വിജ്ഞാപന പ്രകാരം ലഭിക്കാൻ അർഹതയുള്ള വേതനനിരക്കിൽ 40 ശതമാനം വർദ്ധനവ് പുതുക്കിയ വിജ്ഞാപനം പ്രാബല്യത്തിൽ വന്ന തീയതി മുതൽ നൽകണം. എന്നാൽ ഈ വിഭാഗം ജീവനക്കാർക്ക് ഈ വിജ്ഞാപനം പ്രകാരം നിശ്ചയിച്ച മിനിമം വേതന നിരക്കിൽ കുറയാത്ത വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പുരുഷന്മാർക്ക് നൽകുന്ന വേതന നിരക്ക് തുല്യജോലിക്ക് സ്ത്രീതൊഴിലാളികൾക്കും നൽകണം.
ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ജീവിത നിലവാര സൂചികയിലെ പുതിയ സീരിസിലെ 280 പോയിന്റിനു മുകളിൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും 1.50 രൂപ ക്ഷാമബത്തയായി നൽകണം. മാസശമ്പളം നൽകുന്ന ജീവനക്കാർക്ക് 8 മണിക്കൂർ ജോലിക്ക് മുകളിൽ നിശ്ചയിച്ച പ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുള്ള തുകയെ 26 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുക മാസശമ്പളമായി നൽകണം. ഏതെങ്കിലും വിഭാഗത്തിലെ ജീവനക്കാർക്ക് മുകളിൽ നിർദ്ദേശിച്ച മിനിമം വേതനത്തേക്കാൾ കൂടുതൽ വേതനമോ മറ്റേതെങ്കിലും ആനുകൂല്യമോ നിലവിൽ ലഭിക്കുന്നുണ്ടെങ്കിൽ അത് തുടർന്നും നൽകണം.