തിരുവനന്തപുരം: ഗതാഗത വകുപ്പിന്റെ പിഴയീടാക്കൽ നടപടിക്കെതിരെ സ്വകാര്യ ബസുടമകളുടെ സമരം ഒത്തുതീർക്കാൻ മന്ത്രി വിളിച്ച ചർച്ച പൊളിഞ്ഞതോടെ ദൂരയാത്രകൾക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ വലയും. സമരം തുടരാൻ ബസുടമകൾ തീരുമാനിക്കുകയും, കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ തുടങ്ങാൻ രണ്ടുമാസം മുമ്പെടുത്ത തീരുമാനത്തിന്മേൽ കെ.എസ്.ആർ.ടി.സി അടയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിനു പുത്തേക്കുള്ള യാത്ര ദുരിതപൂർണമാകും.
അടുത്ത കാലത്ത് ചില സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ഭാഗത്തു നിന്നുണ്ടായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി പിഴ ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഇന്നലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും സമവായമായില്ല.
കല്ലട ബസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് രണ്ടു മാസമായി എല്ലാ സ്വകാര്യ ബസുകളിലും മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തുകയും പിഴ ഈടാക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചു വരികയുമായിരുന്നു. ഈ കാലയളവിൽ ആകെ 4.5 കോടി രൂപയാണ് പിഴ ഈടാക്കിയത്.
ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാനുള്ള എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ളിക് ട്രാൻസ്പോർട്ട്) ഉണ്ടോ എന്നാണ് പരിശോധന. എന്നാൽ ലൈസൻസുള്ള ബസുകൾക്കും പിഴ ചുമത്തുന്നതായും, ഒരേ ബസിന് പല തവണ പിഴ ചുമത്തുന്നതായും ആക്ഷേപമുയർന്നിരുന്നു.ഈടാക്കുന്ന പിഴത്തുക ബസ് ചാർജ് വർദ്ധിപ്പിച്ച് യാത്രക്കാരിൽ നിന്ന് വസൂലാക്കുന്നതാണ് സ്വകാര്യ ബസുകളിലെ രീതി.
സീറ്റുണ്ടെന്ന് മന്ത്രി
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കു മാത്രം കെ.എസ്. ആർ.ടി.സി ബസുകളിൽ ദിവസവും 2350 സീറ്റുകൾ ലഭ്യമാണ്. 2400- ഓളം സീറ്റുകൾ കർണ്ണാടക ആർ.ടി.സി.യിലുമുണ്ട്. സാധാരണ ദിവസങ്ങളിൽ 800 മുതൽ 1000 വരെ സീറ്റുകൾക്കേ ബംഗളൂരു യാത്രക്കാരുണ്ടാവൂ. മടക്ക സർവീസിലെ ബുക്കിംഗ് 600-ൽ താഴെയും. വാരാന്ത്യങ്ങളിൽ 80 % വരെ സീറ്റുകളിൽ ആളുണ്ടാവും.
മുഖ്യനെ കാണും
പ്രശ്നനപരിഹാരത്തിന് മുഖ്യമന്ത്രി സമീപിക്കുകയാണ് ഇനി ഞങ്ങൾക്കു മുന്നിലെ ഏകവഴി-
മനോജ് പടിക്കൽ, സെക്രട്ടറി, ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ
വ്യത്യാസം എന്ത്?
ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സിക്ക് ദിവസവും പരമാവധി 50 ബസ്. സ്വകാര്യ സർവീസുകൾ 400 വരെ
സർക്കാർ ബസിന് തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിൽ എത്താൻ 15 മണിക്കൂർ. സ്വകാര്യന് 11 മണിക്കൂർ
180 സ്വകാര്യ സ്ളീപ്പർ ബസുകൾ ഉള്ളപ്പോൾ സർക്കാരിന് ഒന്നു പോലുമില്ല.
ചെന്നൈയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ഇല്ല. സ്വകാര്യ സർവീസുകൾ 13
കെ.എസ്,ആർ.ടി.സിക്ക് ഹൈദരാബാദ്, മുംബയ് സർവീസുകൾ ഇല്ല. സ്വകാര്യ ബസുകൾ ഉണ്ട്.