bus

ആറ്റിങ്ങൽ: സേഫ് കേരള എൻഫോഴ്സ്മെന്റ് വിംഗ് തിരുവനന്തപുരം യൂണിറ്റ് ആറ്റിങ്ങൽ,​ വർക്കല താലൂക്കുകളിലെ സ്വകാര്യ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി. സ്വകാര്യ ബസ്സുകളിൽ സ്കൂൾ,​ കോളേജ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതി ലഭിച്ചതിനെതുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ ഒരു സ്വകാര്യ ബസ്സ് പ്ലസ് വൺ വിദ്യാർത്ഥിനി എസ്.ടി ചോദിച്ചതിനാൽ വഴിയിൽ ഇറക്കിവിട്ട സംഭവം ഏറെ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ഉന്നത അധികാരികൾക്ക് പരാതി ലഭിച്ചിരുന്നു. ഇതും ഈ പ്രദേശത്ത് മിന്നൽ പരിശോധനയ്ക്ക് കാരണമായി.ആറ് സ്ക്വാഡുകളായി രാവിലെ 8 മുതൽ വിവിധ റൂട്ടുകളിൽ പരിശോധന ആരംഭിച്ചു. മഫ്ടിയിൽ ബസ്സിൽ ടിക്കറ്റെടുത്ത് യാത്രചെയ്തായിരുന്നു പരിശോധന. കുട്ടികൾ കൈ കാണിച്ചാൽ നിറുത്താത്ത ഡ്രൈവർമാരെയും കുട്ടികളോട് ക്രൂരമായി പെരുമാറുന്ന കണ്ടക്ടർമാരെയും സ്ക്വാഡ് കൈയോടെ പിടികൂടുകയായിരുന്നു.വേഗത നിയന്ത്രണ യന്ത്രം സ്ഥാപിക്കാത്ത ബസ്സുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പരിശോധനയ്ക്ക് വിധേയമായതിൽ 50 ശതമാനം ബസ്സുകളിലും സ്ഫീഡ് ഗവർണർ ഇല്ലായിരുന്നു എന്ന് പരിശോധനാ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമ ലംഘനം കണ്ട എല്ലാപേർക്കും തക്കതായ ശിക്ഷ നടപ്പാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. 88 ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ കേസുകളിൽ നിന്നായി 32,​500 രൂപ ഫൈൻ ഇനത്തിൽ ഈടാക്കി. പരിശോധനയ്ക്ക് സേഫ് കേരള റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ. ജോഷി നേതൃത്വം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. ശ്രീകുമാർ,​ ബി. നിതീഷ്,​ തോമസ് ജോസഫ്,​ കെ. ഹരികുമാർ,​ എസ്. ശരത് ചന്ദ്രൻ എന്നിവർ സ്ക്വാഡുകൾക്ക് നേതൃത്വം നൽകി. 20 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പങ്കെടുത്തു. യാത്രാക്ലേശ പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാനുള്ള ഫോൺ നമ്പരും സ്ക്വാഡ് ജനങ്ങൾക്ക് നൽകി. ഫോൺ: 8281786097,​ 8547639016.