തിരുവനന്തപുരം:കാബിനറ്റ് റാങ്കോടെ ഇടതുമുന്നണി നേരത്തേ അനുവദിച്ച ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്ത്, ഒല്ലൂർ എം.എൽ.എ അഡ്വ.കെ. രാജന്റെ പേര് നിർദേശിക്കാൻ സി.പി.ഐ സംസ്ഥാന നിർവ്വാഹക സമിതി തീരുമാനിച്ചു.ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശന വേളയിലാണ് സി.പി.ഐക്ക് ഇടതുമുന്നണി ചീഫ് വിപ്പ് പദവി അനുവദിച്ചത്. എന്നാൽ പ്രളയത്തിന്റെ സാഹചര്യത്തിൽ അധികച്ചെലവ് ഒഴിവാക്കാൻ തത്കാലം പദവി ഏറ്റെടുക്കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. നിയമസഭയിലെ കന്നി അംഗമാണ് രാജൻ.
എൽ.ഡി.എഫിലും നിയമസഭാകക്ഷിയിലും ഔദ്യോഗികമായി അറിയിച്ച ശേഷം സ്പീക്കറുടെ അനുമതിയോടെ രാജൻ ചുമതലയേൽക്കും. ഭരണപക്ഷത്ത് എല്ലാ ഘട്ടത്തിലും ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പാക്കുകയും നിയമസഭയിൽ വോട്ടെടുപ്പ് വേളയിൽ അംഗങ്ങൾക്ക് വിപ്പ് നൽകുകയുമാണ് ചീഫ് വിപ്പിന്റെ ചുമതല.
ബന്ധുനിയമന കേസിൽ ഇ.പി. ജയരാജൻ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചപ്പോൾ സി.പി.ഐ അവകാശവാദം ഉന്നയിച്ചെങ്കിലും മന്ത്രിസ്ഥാനത്തിനു പകരം കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകുകയാണ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 13 നായിരുന്നു ഇടതു മുന്നണി തീരുമാനം.
കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പിന് മന്ത്രിമാർക്കും സ്പീക്കർക്കുമുള്ള ആനുകൂല്യങ്ങളെല്ലാം ഉണ്ടാകും. ശമ്പളം, കാർ, ഔദ്യോഗികവസതി എന്നിവയ്ക്കു പുറമെ 25 പേഴ്സണൽ സ്റ്റാഫിനെയും വയ്ക്കാം.
സി.പി.ഐ ദേശീയകൗൺസിൽ അംഗവും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ് 45- കാരനായ രാജൻ. തൃശൂർ അന്തിക്കാട് ഗവ. ഹൈസ്കൂളിലും ശ്രീകേരള വർമ്മ കോളേജിലും തിരുവനന്തപുരം ലാ അക്കാഡമിയിലുമായി വിദ്യാഭ്യാസം. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു. ഭാര്യ അനുപമ കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരി.