june24b

ആ​റ്റിങ്ങൽ: നഗരസഭയുടെ ബയോഗ്യാസ് പ്ലാന്റ് തകർന്നതോടെ പരിസരവാസികൾ ദുരിതത്തിലായി. വീടിന്റെ പരിസരങ്ങളിലേക്ക് മാലിന്യം ഒഴുകി എത്തിയിരിക്കുകയാണ്. കടുത്ത ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ആ​റ്റിങ്ങൽ നഗരസഭയുടെ കീഴിൽ കച്ചേരിനട മാർക്ക​റ്റിലെ സ്ലാട്ടർഹൗസ് യൂണി​റ്റിലെ ബയോഗ്യാസ് പ്ലാന്റാണ് തകർന്നത്. വലിയതോതിൽ മാലിന്യം ശേഖരിക്കാൻ കഴിയുന്ന പ്ലാന്റാണിത്. നഗരസഭാ പരിധിയിലെ ഏ​റ്റവും വലിയ ബയോഗ്യാസ് പ്ലാന്റും ഇവിടത്തേതാണ്. പ്രോസസിംഗിന്റെ ഭാഗമായി നിശ്ചിത ദിവസം മാലിന്യം ടാങ്കിൽ നിലനിറുത്തും. ടാങ്ക് തകർന്നതാണ് മാലിന്യം പുറത്തേക്കൊഴുകാൻ കാരണം. സമീപവാസിയുടെ മതിലും തകർന്ന് പുരയിടത്തിലേക്ക് മാലിന്യം ഒഴുകുകയാണ്. മാർക്ക​റ്റ് റോഡ് നന്ദനത്തിൽ കവിതയുടെ വീട്ടു പരിസരത്തേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മാലിന്യം ഒഴുകിയിറങ്ങിയത് കണ്ടെത്തിയത്. മഴക്കാലമായതിനാൽ ഇത് ആരോഗ്യ ഭീഷണിയുയർത്തുകയാണ്. പരിസരവാസികളുടെ പരാതിയെ തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ആരോഗ്യവിഭാഗം ജീവനക്കാരെത്തി ബ്ലീച്ചിംഗ് പൗഡർ വിതറി. മുൻ കാലങ്ങളിലും പ്ലാന്റിൽ നിന്നും മാലിന്യ ചോർച്ചയുൾപ്പെടെ സംഭവിച്ചിട്ടുണ്ടെന്നും അപ്പോഴും നഗരസഭാ ഉറപ്പ് നൽകിയതല്ലാതെ നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.