കല്ലറ : ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി തുടങ്ങിയ വിവിധയിനം പനികൾ മേഖലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ഭരതന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ പനി ക്ലിനിക് അനുവദിക്കുകയോ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയോ വേണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലറ കമ്മ്യൂണിറ്റി സെന്ററിൽ കീഴിൽ വരുന്ന ഭരതന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് രോഗികൾക്ക് അർഹിക്കുന്ന രീതിയിലുള്ള ചികിത്സ കിട്ടാൻ തടസമാകുകയാണ്. ആശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ ദിവസം ദിവസം മാത്രമേ ഒ.പിയിൽ ഉണ്ടാകൂവെന്നും ഡോക്ടർ ഇല്ലാത്ത കാരണം തിരക്കുമ്പോൾ മീറ്റിംഗ്, മെഡിക്കൽ ക്യാംപ്, കിടപ്പുരോഗികളെ സന്ദർശിക്കാൻ പോയി തുടങ്ങിയ പതിവ് കാരണങ്ങളാണ് ജീവനക്കാർ പറയുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളും ഒഴികെ മറ്റെല്ലാ ദിവസവും ഡോക്ടർ എത്തണമെന്നാണ് ചട്ടം. ഡ്യൂട്ടി ഡോക്ടർ അവധി എടുക്കുന്ന ദിവസങ്ങളിലോ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടി വരുന്ന ദിവസങ്ങളിലോ ബ്ളോക്ക് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും പകരം ഡോക്ടറെ അയയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്ളോക്ക് സി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർക്കാണ് ഇതിന്റെ ചുമതല. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഒ.പി ഡ്യൂട്ടിയും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഫീൽഡിലുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ ഡ്യൂട്ടി. മേഖലയിലെ ഏക സർക്കാർ ആശുപത്രിയാണ് ഭരതന്നൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രം. കല്ലറയിലും പാലോടും സി.എച്ച്.സികളുണ്ടെങ്കിലും അത് ഇവിടെ നിന്നും കുറച്ച് അകലെയാണ്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പനി ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ പനി ക്ളിനിക് തുടങ്ങുകയോ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയോ ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.