natanam

തിരുവനന്തപുരം: സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെ സർഗാത്മകതയുള്ള തലമുറയെ വാർത്തെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. നൃത്താചാര്യൻ ഡോ. ഗുരു ഗോപിനാഥിന്റെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗവ. കോട്ടൺഹിൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാർത്ഥി ഐശ്വര്യയ്‌ക്ക് മന്ത്രി ചിലങ്ക സമ്മാനിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. ഗുരുഗോപിനാഥ് നടനഗ്രാമം കെ.സി. വിക്രമൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. ഗുരുഗോപിനാഥ് രചിച്ച നൃത്തശാസ്ത്രഗ്രന്ഥമായ നടന കൈരളിയുടെ പുനഃപ്രകാശനം സ്‌കൂൾ പ്രിൻസിപ്പൽ ജെ.രാജശ്രീക്ക് പുസ്തകം നൽകി മന്ത്രി നിർവഹിച്ചു. ഗുരുഗോപിനാഥ് നടനഗ്രാമം എക്‌സി‌ക്യൂട്ടീവ് അംഗങ്ങളായ എൻ.എസ്. വിനോദ്, എം. വേലപ്പൻ, ടി. ശശിമോഹൻ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ആർ. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഗുരുഗോപിനാഥിന്റെ 110ാം ജന്മവാർഷികത്തോടനുബന്ധിച്ച് 14 ജില്ലകളിലെയും ഒരു സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് കേരളനടനത്തിൽ പരിശീലനം നൽകുകയും സാംസ്‌കാരിക വകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. കോട്ടൺഹില്ലിലെ 80 കുട്ടികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്.