nri-quota

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15ശതമാനം എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ അപേക്ഷിച്ചവർക്ക് എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത രേഖകളുടെ അപാകത പരിഹരിക്കാനും പരിശോധിക്കാനും 26ന് പകൽ രണ്ടുവരെ സമയം അനുവദിച്ചതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു. രേഖകളിൽ പിശകുള്ളവർ ‘KEAM 2019- Candidate Portal’ ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് ‘Memo’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ രേഖകളിലെ അപാകതകളുടെ വിവരം ലഭ്യമാവും. നിശ്ചിത സമയത്തിനകം അപാകതകൾ പരിഹരിക്കാനാവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരെ എൻ.ആർ.ഐ ക്വോട്ടയിൽ പരിഗണിക്കില്ല. എൻ.ആർ.ഐ കാറ്റഗറി അനുവദിക്കപ്പെട്ട അപേക്ഷകർക്ക് ഹോംപേജിൽ കാറ്റഗറി ദൃശ്യമാകും.

എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് താത്പര്യമുള്ള കോളേജുകളിലെ എൻ.ആർ.ഐ ക്വോട്ട ഓപ്ഷനുകൾ തിരഞ്ഞെടുത്തിരിക്കണം. എൻ.ആർ.ഐ ക്വോട്ട ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ- 0471-2332123, 2339101, 2339102, 2339103 & 2339104.