തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനു പിന്നിലെ ദുരൂഹത ഈയാഴ്ച തന്നെ തീരുമെന്ന് ക്രൈംബ്രാഞ്ച്. എല്ലാ സംശയങ്ങളും തീർക്കത്തക്ക വിധത്തിലുള്ള നിരവധി ശാസ്ത്രീയ പരിശോധനകൾ ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം പരിശോധനാ ഫലം ഈയാഴ്ച ലഭിക്കുമെന്ന് അന്വേഷണസംഘത്തലവൻ ഡിവൈ.എസ്.പി ഹരികൃഷ്‌ണൻ കേരളകൗമുദിയോട് പറഞ്ഞു.
കാറോടിച്ചതാരാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തതയുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉറപ്പിക്കാനാണ് സീറ്റ് ബെൽറ്റുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡ്രൈവിംഗ് സീറ്റിൽ ആരാണെന്ന് ഉറപ്പാക്കാൻ ഡ്രൈവർ അർജുന്റെയും ബാലുവിന്റെ മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ക്രൈംബ്രാഞ്ച് നേരത്തേ പരിശോധനയ്ക്കയച്ചിരുന്നു. ഇപ്പോൾ ശേഖരിച്ച രക്തസാമ്പിളുകളുടെ ഡി.എൻ.എ പരിശോധനയിലൂടെ, കാറോടിച്ചത് ആരാണെന്ന് ഉറപ്പിക്കാനാവും. ഡ്രൈവിംഗ് സീറ്റിൽ നിന്നു ശേഖരിച്ച മുടിയും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും.
പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തൽ. എന്നാൽ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുന്റെ മൊഴിയുമുണ്ട്. അതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടിക്കൂടിയാണ് വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.