തിരുവനന്തപുരം: ഡോക്യുമെന്ററികൾക്കും ഹ്രസ്വചലച്ചിത്രങ്ങൾക്കും പൊതുഇടമൊരുക്കിയ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് നാളെ തിരശീല വീഴും. വിവിധ വിഭാഗങ്ങളിലായി 190 ചിത്രങ്ങളുടെ പ്രദർശനം കഴിഞ്ഞപ്പോൾ സെൽഫി, ദി ഡിസ്‌പൊസസ്ഡ്, പീകോക്ക് പ്ല്യൂം, കോറൽ വുമൺ, മീറ്റിംഗ് ഗോർബച്ചേവ്, ദി ബ്ലൂ പെൻസിൽ, നമ്പി ദി സയന്റിസ്റ്റ്, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആനിമേഷൻ, മ്യൂസിക് വീഡിയോ, ക്യൂറേറ്റഡ് പാക്കേജ് എന്നിവയും മേളയിലെ ഇഷ്ടവിഭാഗങ്ങളായി. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം വിഭാഗങ്ങളിലായി 40ഓളം ചിത്രങ്ങളുടെ പ്രദർശനം പൂർത്തിയായി. ഷോർട്ട് ഫിക്ഷൻ ഫോക്കസ്, സിനിമ ഒഫ് റെസിസ്റ്റൻസ്, കാർട്ട് ബ്ലാൻഷ് ഡോക്യൂമെന്ററി വിഭാഗങ്ങളിലെ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് പൂർത്തിയാകും.
വിവിധ മത്സര ഇതര വിഭാഗങ്ങളിലായി ഇന്ന് 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമാ ഒഫ് റസിസ്റ്റൻസിൽ നിന്നും നാല് ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിനെത്തുക. രാജ്യാന്തര വിഭാഗത്തിൽ എട്ട് ചിത്രങ്ങളും മഹാപ്രളയം പ്രമേയമായ 'ദി ഫീനിക്‌സ് സ്റ്റേറ്റ്', 'പള്ളംആൻ ആർക്ക് ഒഫ് ലൈഫ്' എന്നിവയടക്കം എട്ട് ഫോക്കസ് വിഭാഗം ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ 6 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോംഗ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഓസ്‌കാറിൽ മത്സരിക്കാൻ നേരിട്ട് അർഹത ലഭിക്കും. സംവിധായകൻ കെ.ആർ. മോഹനന്റെ രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് അദ്ദേഹം തയ്യാറാക്കിയ ' കെ.ആർ. ഗൗരി അമ്മ ' എന്ന ഡോക്യുമെന്ററി രാവിലെ 10.30ന് കൈരളി തിയേറ്ററിലും, ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട മധുശ്രീ ദത്തയുടെ 'മെയ്ഡ് ഇൻ ഇന്ത്യ', 'സ്‌ക്രിബിൾസ് ഒഫ് അക്ക' എന്നീ ചിത്രങ്ങൾ രാവിലെ 11.45ന് നിള തിയേറ്ററിലും പ്രദർശിപ്പിക്കും. മേളയുടെ അവസാന ദിനമായ നാളെ 26 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. സമാപന ചടങ്ങ് വൈകിട്ട് 6.30ന് കൈരളി തിയേറ്ററിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.