തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരിൽ നിന്നും കഴക്കൂട്ടത്തെയും കാര്യവട്ടത്തെയും ഹോസ്റ്റലുകളിൽ നിന്നും മോഷണം പോയ വിലകൂടിയ മൊബൈൽ ഫോണുകളിൽ ഒരെണ്ണം ഉപയോഗിക്കുന്നത് പത്തനംതിട്ടയിൽ. മൊബൈൽ മോഷ്ടിക്കുന്നയാളുടെ ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ ടവർ ലൊക്കേഷൻ പത്തനംതിട്ടയിലെ ഏനാത്ത് ആണെന്ന് മനസിലായത്. തുടർന്ന് പൊലീസും സൈബർ സെല്ലും ഷാഡോ പൊലീസും അന്വേഷണം ത്വരിതപ്പെടുത്തുകയായിരുന്നു. അതേസമയം,​ മോഷ്ടിച്ചയാൾ തന്നെയാണോ ഫോൺ ഉപയോഗിക്കുന്നതെന്ന് പൊലീസിന് ഉറപ്പില്ല. പ്രതി ഫോൺ വിൽക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല.സമൂന്നുമാസത്തിനിടെ വിവിധ ഹോസ്റ്റലുകളിൽ നിന്നായി ആറ് ഫോണുകളാണ് നഷ്ടമായത്. മേയ് 5ന് ആറ്റിൻകുഴിയിലെ വാടകവീട്ടിൽ നിന്നു 40,000 രൂപയുടെ ഫോൺ മോഷണം പോയിരുന്നു. നിസാനിലെ ജീവനക്കാരനും എറണാകുളം സ്വദേശിയുമായ അനന്തുവിന്റെ ഫോണാണ് മോഷണം പോയത്. ഇവിടത്തെ നിരീക്ഷണ കാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പകൽ ജീവനക്കാർ കിടന്നുറങ്ങുമ്പോഴാണ് ഫോണുകൾ മോഷ്ടിക്കുന്നത്. അടുത്തിടെ ഐ.ബി.എസ് ജീവനക്കാരന്റെയും മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മൂന്നു പേരുടെ ഫോണുകൾ നഷ്ടമായത് സംബന്ധിച്ച് കഴക്കൂട്ടം അസി.കമ്മിഷണർക്കു നേരത്തെ പരാതി നൽകിയിരുന്നു.മോഷ്ടാവ് കാര്യവട്ടത്തെ കോളനിയിൽ താമസിക്കുന്ന ആളെന്നു സംശയിച്ച് പൊലീസ് അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒടുവിലാണു പ്രതി സ്ഥലവാസി അല്ലെന്നും കഴക്കൂട്ടത്തു വന്നു പോകുന്ന ആളാണെന്നും തിരിച്ചറിഞ്ഞത്. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കഴക്കൂട്ടം എസ്‌.ഐ സൂചിപ്പിച്ചു.