വിഴിഞ്ഞം: വെങ്ങാനൂർ സ്കൂൾ പരിസരത്തു നിന്ന് 20 പൂവാലൻമാരെയും അഞ്ച് ബൈക്കുകളും പിടികൂടി. സ്കൂൾ സമയങ്ങളിൽ വെങ്ങാനൂർ - വിഴിഞ്ഞം റോഡിൽ പൂവാലശല്യവും ബൈക്ക് റേസിംഗും നടക്കുന്നുവെന്ന രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം എസ് ഐ. സജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.പ്രായ പൂർത്തിയാകാത്തവരെ താക്കീത് നൽകിയ ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടയച്ചു. മറ്റുള്ളവർക്കെതിരെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പൂവാല വേട്ട തുടരുമെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ പരിസരത്ത് ലഹരിമരുന്ന് വില്പനയുണ്ടെന്നും വിദ്യാർത്ഥിനികളെ പൂവാലന്മാർ ശല്യം ചെയ്യാറുണ്ടെന്നും രക്ഷകർത്താക്കൾ പറഞ്ഞു. പ്രധാന ജംഗ്ഷനിൽ പൊലീസ് ഉണ്ടെങ്കിലും പൂവാലന്മാർ വെങ്ങാനൂർ മുതൽ കല്ലുവെട്ടാൻ കുഴി വരെയുള്ള സ്ഥലത്തെ ഇടറോഡുകൾ കേന്ദ്രീകരിച്ചാണ് തമ്പടിക്കാറുള്ളത്. സ്കൂൾ സമയങ്ങളിൽ കൂടുതൽ പൊലീസിന്റെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.