c

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ ഗൃഹസന്ദർശനങ്ങളും കുടുംബസദസ്സുകളുമടക്കം വിപുലപരിപാടികളുമായി സി.പി.എം. വിശ്വാസികളുടെയടക്കം പിന്തുണ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ മുൻകാലങ്ങളിൽ ഇടതുമുന്നണിക്ക് വോട്ടുചെയ്തുവന്ന ഒരു വിഭാഗത്തിന്റെ പിന്തുണ ഇത്തവണ നേടാനായില്ലെന്നും ഇക്കാര്യം പരിശോധിച്ച് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തുടർപരിപാടികൾ സംഘടിപ്പിക്കുമെന്നും രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജൂലായ് 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എം.പിമാരും എം.എൽ.എമാരും തദ്ദേശ ഭരണജനപ്രതിനിധികളുമുൾപ്പെടെ വീടുകൾ സന്ദർശിച്ച് ജനങ്ങളോട് നിലപാടുകൾ വിശദീകരിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യും.

മുൻകാലങ്ങളിൽ ലഭിച്ചത്ര വോട്ടുകൾ കിട്ടാത്തതിന് കാരണം ആരാണെന്നോ എന്താണെന്നോ ഇപ്പോൾ പറയാനാവില്ലെന്നും അത് മനസ്സിലാക്കാനാണ് ജനങ്ങൾക്കിടയിലേക്കിറങ്ങുന്നതെന്നും കോടിയേരി ചോദ്യത്തിന് മറുപടി നൽകി. ഏതെങ്കിലും പ്രത്യേക പ്രശ്നത്തിന്റെ പേരിലാകില്ല അവരോടുള്ള സംവാദം.

ആഗസ്റ്റിൽ ലോക്കലടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി കുടുംബങ്ങളുടെ യോഗങ്ങൾ വിളിക്കും.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കേന്ദ്രകമ്മിറ്റിയും നേരത്തേ സംസ്ഥാനകമ്മിറ്റിയും അംഗീകരിച്ച രണ്ട് അവലോകന റിപ്പോർട്ടുകളുടെ റിപ്പോർട്ടിംഗിനായി ജൂലായ് 3ന് എറണാകുളത്തും നാലിന് കോഴിക്കോട്ടും അഞ്ചിന് തിരുവനന്തപുരത്തും മേഖലായോഗങ്ങൾ വിളിക്കും. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സംസ്ഥാന സെക്രട്ടറിയും റിപ്പോർട്ടിംഗ് നടത്തും. തുടർന്ന് ലോക്കലടിസ്ഥാനത്തിൽ പാർട്ടി അംഗങ്ങളുടെ ജനറൽബോഡി വിളിച്ച് ജില്ലാകമ്മിറ്റി അംഗങ്ങൾ റിപ്പോർട്ടുകൾ അവതരിപ്പിക്കും.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷികദിനമായ ജൂൺ 26ന് അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തും. അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപമാണ് ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് എന്ന രീതി ആവിഷ്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. രാജ്യത്തെ മിലിട്ടറി സ്റ്റേറ്റ് ആക്കാനാണ് നീക്കം. ഇതിനെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ശക്തമായി പ്രതിരോധിക്കും. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് വീടുകളിൽ സാന്ത്വനപരിചരണപ്രവർത്തനങ്ങളിൽ പാർട്ടിപ്രവർത്തകർ ഏർപ്പെടും. ഓരോ പ്രദേശത്തെയും കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വനപരിചരണം ഏതുവിധത്തിൽ വേണമെന്നത് പാർട്ടിഘടകങ്ങളോട് നിർദ്ദേശിക്കും.

3160 സി.എം.പി അംഗങ്ങൾക്ക് പാർട്ടി അംഗത്വം

സി.പി.എമ്മിൽ ലയിക്കാനുള്ള സി.എം.പിയുടെ തീരുമാനത്തിന്റെ ഭാഗമായി ആ പാർട്ടിയിൽ പ്രവർത്തിച്ച 3160 പേർക്ക് സി.പി.എം അംഗത്വം നൽകും. സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശം കേന്ദ്രകമ്മിറ്റി അംഗീകരിച്ചതിനെ തുടർന്നാണിത്. ഇങ്ങനെ അംഗത്വം ലഭിക്കുന്നവർക്ക് വിവിധ പാർട്ടി ഘടകങ്ങളും നിശ്ചയിച്ചുനൽകും. ഇക്കാര്യത്തിൽ അതത് ജില്ലാ കമ്മിറ്റികളും ഏരിയാകമ്മിറ്റികളുമാണ് തീരുമാനമെടുക്കുക. സംസ്ഥാനകമ്മിറ്റിയിലും ചിലരെ ഉൾക്കൊള്ളിക്കും. അതാരെയൊക്കെ എന്നത് പിന്നീട് തീരുമാനിക്കും. കുറേ കാലത്തിന് ശേഷമാണ് ഒരു പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നത്.

5,14,781 പാർട്ടി അംഗങ്ങൾ

ഈ വർഷത്തെ അംഗത്വം പുതുക്കൽ പൂർത്തീകരിച്ചപ്പോൾ സി.പി.എമ്മിൽ 5,14,781 അംഗങ്ങളുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 25,695 പേരുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമേയാണ് സി.എം.പിയിൽ നിന്നെത്തുന്ന 3160പേർ.