അവിനാശ് ബജാജ് ആരാണെന്ന് ചോദിച്ചാൽ മിക്കവാറും പേർക്കും അറിയില്ലായിരിക്കും. ബാസി.കോം എന്ന വെബ്സൈറ്റിന്റെ ഉടമസ്ഥൻ എന്ന് പറഞ്ഞാലും മനസിലാവില്ല. 'ആമസോൺ' സാക്ഷാൽ ആമസോൺ നദിയേക്കാൾ വേഗത്തിലൊഴുകുന്നതിന് മുൻപ് ഫ്ളിപ്പ് കാർട്ടും ഒ.എൽ.എക്സും പിറക്കുന്നതിന് മുൻപ് ഇന്ത്യയിലുണ്ടായിരുന്ന ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റായിരുന്നു ബാസി.കോം. നമ്മൾ ഇന്റർനെറ്റിലൂടെ ഉപ്പും മുളകും വാങ്ങുന്നതിന് മുൻപ് ഇതൊക്കെ മുൻകൂട്ടി കണ്ട ചെറുപ്പക്കാരനായിരുന്നു അവിനാശ് ബജാജ് ; ബാസി.കോം എന്ന ഓൺലൈൻ വെബ്സൈറ്റ് സ്ഥാപകൻ.
നോക്കിയ 'നോക്കി" യപ്പോൾ
. 'നോക്കിയ"തിളങ്ങി നിന്ന കാലം. ഇന്നത്തെപ്പോലെ കാമറഫോണോ ഇന്റർനെറ്റോ പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് ഡൽഹി പബ്ളിക് സ്കൂളിലെ 17 കാരനും അവന്റെ പെൺസുഹൃത്തുമൊത്തുള്ള ലൈംഗികച്ചുവയുള്ള വീഡിയോ ബാസി.കോമിൽ 'ഡിപിഎസ് ഗേൾ ഹാവിങ് ഫൺ' എന്ന പേരിൽ 125 രൂപയ്ക്ക് വില്പനയ്ക്ക് വയ്ക്കപ്പെട്ടു. ഖരഗ്പൂർ ഐ.ഐ.ടി യിലെ വിദ്യാർത്ഥിയായ രവി രാജ് ആണിത് വില്പനയ്ക്ക് വച്ചത്. ഡൽഹിയെ പിടിച്ചു കുലുക്കിയ ആ ക്ലിപ്പ് പത്രവാർത്തകളിൽ ഇടം നേടി. സൈറ്റിന്റെ ഉടമയായ അവിനാശ് ബജാജിനെ ഐ.ടി.നിയമത്തിലെ 67ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. അതായത് തെറ്റ് ചെയ്യാത്തവൻ ശിക്ഷിക്കപ്പെട്ടു. കോടതി അവിനാശിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇതിന് ശേഷം 2008ൽ ഇന്ത്യയുടെ ഐ.ടി നിയമം ഭേദഗതി ചെയ്തപ്പോൾ ഈ വകുപ്പും ഭേദഗതി ചെയ്യപ്പെട്ടു. അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യപ്പെട്ടാൽ ഇന്ത്യൻ ഐ.ടി നിയമം - 2000 പ്രകാരം ഏത് സൈറ്റിലാണോ പ്രത്യക്ഷപ്പെടുന്നത് സൈറ്റിന്റെ ഉടമയായിരിക്കും ഉത്തരവാദി. അതായത് അപ് ലോഡ് ചെയ്ത ആൾക്ക് പകരം ശിക്ഷിക്കപ്പെടുന്നത് ഇതിന് ഉത്തരവാദിയാകാത്തയാൾ.
ഇത് ഇത്ര വലിയ
പ്രശ്നമാണോ?
ഓപ്പറേഷൻ പി.ഹണ്ടിന്റെ ഭാഗമായി ഇത്തരം ദൃശ്യങ്ങൾ കാണുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച പൊലീസ് ഇവരിൽ ചിലരുടെ വീടുകളിലെത്തിയപ്പോൾ കിട്ടിയ പ്രതികരണമാണിത്. ഇത്തരം ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യണമെന്നില്ല ഇന്റർനെറ്റിൽ ബ്രൗസ് ചെയ്ത് കാണുന്നത് തന്നെ ശിക്ഷാർഹമാണ്. ചൈൽഡ് പോർണോഗ്രഫിക് വീഡിയോ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം പ്രത്യക്ഷപ്പെടുക ഒരു മുന്നറിയിപ്പായിരിക്കും. കുട്ടികളെ ചൂഷണം ചെയ്യുന്നതും ഇത്തരം വീഡിയോകൾ കാണുന്നതും നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പിൽ പറഞ്ഞിരിക്കും. കൂടാതെ ഇതിന് വിധേയമായ കുട്ടിയെ സഹായിക്കാനായി സർക്കാരിന്റെ വൈബ്സൈറ്റും ചൈൽഡ് ലൈൻ നമ്പരും കാണാം. വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് മുതലായ സമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ പൊലീസിന് പങ്ക് വയ്ക്കാൻ മടിക്കാറുണ്ടെങ്കിലും ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരെങ്കിലും ഡൗൺലോഡ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ അത് ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്.വാട്ട്സ് ആപ്പ് ഇത്തരം നമ്പരുകൾ ബ്ളോക്ക് ചെയ്യാറുണ്ട്. ഇത്തരം ദൃശ്യങ്ങൾ പിടിക്കപ്പെടില്ല എന്ന് കരുതി കാണുന്നത് പോലും അപകടകരമാണ്. ഏതെങ്കിലും നമ്പരുകളിൽ നിന്ന് ഇത്തരം ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടാൽ എന്നന്നേക്കുമായി ആ നമ്പർ ബ്ളോക്ക് ചെയ്യപ്പെടും.
ഗ്രൂപ്പുകൾ
ഇത്തരം ദൃശ്യങ്ങൾ പങ്ക് വയ്ക്കാൻ പ്രത്യേക ഗ്രൂപ്പുകളുണ്ട്. ഉപയോഗിക്കുന്ന ആളെ കണ്ടുപിടിക്കാൻ പ്രയാസമുള്ളതിനാലും പ്രവർത്തന സൗകര്യമുള്ളതിനാലും വാട്ട്സ് ആപ്പിനേക്കാളും ടെലിഗ്രാം എന്ന ആപ്പിലാണ് ഇത്തരം ഗ്രൂപ്പുകൾ സജീവം. രഹസ്യാത്മകതയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രത്യേകത അതിനാൽ ഇതിൽ അംഗത്വം കിട്ടുകയെന്നത് എളുപ്പമല്ല. അംഗത്വം കിട്ടാൻ ഓരോ ഗ്രൂപ്പിനും ഓരോ നിയമമായിരിക്കും. ഉദാഹരണമായി ഗ്രൂപ്പിലെ മൂന്ന് പേരെങ്കിലും നാമനിർദ്ദേശം ചെയ്താൽ മാത്രമേ ഗ്രൂപ്പിൽ കയറാൻ കഴിയൂ എന്ന് ചില ഗ്രൂപ്പിൽ നിയമമുണ്ട്. അതായത് വിശ്വാസമില്ലാത്തവരെ ഗ്രൂപ്പിൽ കയറ്റില്ല എന്ന് ചുരുക്കം. ചിലപ്പോൾ ഒരു നിശ്ചിത തുക അടയ്ക്കേണ്ടി വരും എന്നിങ്ങനെ പല നിബന്ധനകൾ. ഇനി ആരെങ്കിലും നുഴഞ്ഞു കയറിയെന്ന് ബോദ്ധ്യമായാൽ സംശയം തോന്നിയ ആളെ ഉടനടി പുറത്താക്കും. അതിനാണ് ഇവർ പ്രത്യേകമായി തങ്ങൾക്ക് മാത്രമറിയാവുന്ന കോഡ് ഉപയോഗിക്കുന്നത്.
'ഡാവിഞ്ചി കോഡ് "
ഓരോ ദിവസവും വ്യത്യസ്തമായ കോഡുകളായിരിക്കും ഗ്രൂപ്പിലുണ്ടാവുക. ആ കോഡ് പറഞ്ഞാൽ മാത്രമേ വീഡിയോ കിട്ടുകയുള്ളു. നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണ് ഈ കോഡ് വിദ്യ. ഒരാൾ ഈ ഗ്രൂപ്പിൽ നുഴഞ്ഞു കയറിയെന്നിരിക്കട്ടെ, വീഡിയോ കിട്ടാൻ അയാളോട് ആ ദിവസത്തെ കോഡ് ചോദിക്കും. കോഡ് എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് സാധാരണയായി ഇവർക്കുള്ളത്, കോഡ് തെറ്റിയാൽ പിന്നെ 'ആൾ ഔട്ട്'.
ഡാർക്ക്നെറ്റ്
ഇന്റർനെറ്റിന് നമ്മൾ കാണാത്ത മറ്റൊരു വശമുണ്ട് . അതാണ് ഡാർക്ക് നെറ്റ് . ഇത് ഉപയോഗിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ ലഭ്യമാകില്ല. മൂന്ന് തരം ഭാഗങ്ങളാണ് ഒരു വെബിനുള്ളത്. ആദ്യം സർഫസ് വെബ്- നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. ഗൂഗിൾ സെർച്ച് ഉദാഹരണം. ഡീപ് വെബ്-ഇന്റർനെറ്റിൽ തെരഞ്ഞാൽ കിട്ടാത്ത വിവരങ്ങൾ. ഫേസ് ബുക്ക് , മെയിൽ എന്നിവ ഉദാഹരണങ്ങൾ. ഡാർക്ക് വെബ് സാധാരണ വെബ് ബ്രൗസറുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ കഴിയില്ല. പ്രത്യേക ബ്രൗസറുകൾ വേണം. ഡാർക്ക്നെറ്റ് ഉപയോഗിച്ച് നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിനാലാണ് അത് കുപ്രസിദ്ധമാവാൻ കാരണമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. സ്വകാര്യതയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.
ഐ.ടി ആക്ട് 67 ബി
ഇന്ത്യൻ വിവര സാങ്കേതികവിദ്യാ നിയമത്തിന്റെ 67 ബി വകുപ്പിലാണ് ചൈൽഡ് പോർണോഗ്രഫിയെക്കുറിച്ച് പറയുന്നത്. അഞ്ച് വർഷം വരെ തടവും 10ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ളീല ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതും കാണുന്നതും കുറ്റകരമാണ്.
നാളെ : ചൈൽഡ് പോർണോഗ്രഫിക്ക് പിന്നിലെ മാനസിക വശങ്ങൾ