kodiyeri-balakrishnan

തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഒരൊത്തുതീർപ്പിനും താനോ, ഭാര്യയോ ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭാര്യ വിനോദിനി മുംബയിൽ പോയത് കാര്യങ്ങളെന്താണെന്ന് മനസിലാക്കാനാണ്. അഭിഭാഷകനായ ശ്രീജിത്ത് പറഞ്ഞത് കേസിന്റെ നിജസ്ഥിതിയാണ്. മാദ്ധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്ന് പറഞ്ഞിട്ടില്ല. കേസ് വന്നപ്പോഴാണറിഞ്ഞത് എന്നാണ് പറഞ്ഞത്. കേസിന്റെ തുടക്കം ഒരു നോട്ടീസോടെ ജനുവരിയിലാണ്. ആ സന്ദർഭത്തിലാണ് താനിതറിയുന്നത്. ബിനോയിയുടെ പേരിലൊരു നോട്ടീസ് വീട്ടിൽ വന്നപ്പോൾ അയാൾ വീട്ടിലുണ്ടായിരുന്നില്ല. നോട്ടീസ് പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നമാണെന്നറിയുന്നത്.

കേസിൽ ഇടനിലക്കാരനായി ആരെയും നിശ്ചയിച്ചിട്ടില്ല. മുംബയിൽ ഇതുസംബന്ധിച്ചൊരു പരാതി എല്ലാ പത്രമോഫീസുകളിലും കിട്ടിയപ്പോൾ അവിടെയുള്ളവരാണ് അഭിഭാഷകന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അദ്ദേഹം തന്നെ വിളിച്ചു. അതിന് താൻ നൽകിയ മറുപടി ശരിയായി തന്നെയാണ് അദ്ദേഹമിപ്പോൾ വിശദീകരിച്ചിട്ടുള്ളത്. നിജസ്ഥിതി കണ്ടെത്തണമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയാണുണ്ടായത് .

ഇതുപോലുള്ള കാര്യങ്ങൾ അമ്മ കേൾക്കുമ്പോൾ എന്താണെന്നറിയാനുള്ള വികാരം സ്വാഭാവികമായുണ്ടാവും. അതുസംബന്ധിച്ച് മനസിലാക്കാൻ അമ്മയെന്ന നിലയിൽ അവർ പോയി. അഭിഭാഷകനായ ശ്രീജിത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കി ഇതിലിടപെടേണ്ടെന്ന് തീരുമാനിച്ച് വന്നു. മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അത് കോടതി പരിശോധിക്കട്ടെയെന്നാണ് നിലപാട്.

ഇക്കാര്യത്തിൽ ആദ്യം മുതലേ താനെടുത്ത നിലപാട് പാർട്ടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇടപെടാനാവില്ലെന്നതാണ്.

ബോദ്ധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയായ ഇരയ്ക്കൊപ്പമാണോ അതോ കുറ്റാരോപിതനായ ബിനോയിക്കൊപ്പമാണോ എന്ന ചോദ്യത്തിന് അതൊക്കെ കോടതി പരിശോധിക്കുകയല്ലേ എന്നായിരുന്നു മറുപടി. നോട്ടീസിൽ പറ‌ഞ്ഞത് വസ്തുതയല്ലെന്ന് ബിനോയ് നിഷേധിച്ചു. ഹാജരാക്കിയ രേഖ കളവാണെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കാൻ താനും പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ഒരു സഹായവും ചെയ്യില്ലെന്ന് കൂടി വ്യക്തമാക്കി. നിങ്ങളുണ്ടാക്കിയ പ്രശ്നം നിങ്ങൾ തന്നെ തീർക്കണമെന്നായിരുന്നു നിലപാട്.

ബിനോയി പണം നൽകിയതായി പുറത്തുവന്ന രേഖയെപ്പറ്റി ചോദിച്ചപ്പോൾ, കോടതിയിലുള്ള രേഖയായതിനാൽ അതൊക്കെ കോടതിയാണ് പരിശോധിക്കേണ്ടതെന്നായിരുന്നു മറുപടി.

അത് മക്കൾക്കെതിരെയല്ല

യു.ഡി.എഫ് നേതാക്കൾക്കെതിരെ സമാന ആരോപണമുയർന്നപ്പോൾ സ്ഥാനത്ത് നിന്ന് മാറിനിൽക്കാനാവശ്യപ്പെട്ട താങ്കൾ എന്തുകൊണ്ട് ഇപ്പോൾ മാതൃക കാട്ടുന്നില്ലെന്ന ചോദ്യത്തിന്, മക്കൾക്കെതിരെയല്ല, യു.ഡി.എഫിന്റെ നേതാക്കൾക്കെതിരെയാണ് പീഡന ആരോപണം വന്നതും കേസ് ചാർജ് ചെയ്യപ്പെട്ടതും എന്ന് കോടിയേരി മറുപടി നൽകി. ആരോപണവിധേയരായവരെ എന്താണ് യു.ഡി.എഫ് ചെയ്തതെന്നറിയാമല്ലോ. അതേക്കുറിച്ച് പ്രതികരിക്കുന്നില്ല. കേസിൽ പറയുന്ന വർഷത്തിനൊക്കെ മുമ്പായിരുന്നു ബിനോയിയുടെ വിവാഹം. ദുബായിൽ ഇന്റീരിയർ ഡിസൈൻ ബിസിനസ് ആയിരുന്ന മകന് വ്യവസായത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കടം വന്നു. വായ്പ വാങ്ങിയത് തിരിച്ചുകൊടുക്കാത്തതായിരുന്നു അന്നുണ്ടായ പ്രശ്നം. അതെങ്ങനെ പരിഹരിച്ചുവെന്ന് വ്യവസായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ കൈവശമുണ്ടായിരുന്നെങ്കിൽ ആ കേസും വരില്ലായിരുന്നല്ലോ. അഞ്ച് കോടി ചോദിച്ചതാണല്ലോ കേസ്.

ബിനോയി എവിടെയെന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കോടിയേരിയുടെ മറുപടി ഇങ്ങനെ: അതൊക്കെ കണ്ടെത്തട്ടെ, നിങ്ങളും അതിനായി ശ്രമിക്കുന്നവരാണല്ലോ, നിങ്ങൾക്കും കണ്ടെത്താം എവിടെയെന്ന്