pk-shyamala
pk shyamala

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജൻ ആത്മഹത്യചെയ്യാൻ ഇടയായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി.കെ. ശ്യാമള രാജിവയ്ക്കണമെന്ന് സംസ്ഥാന സമിതി നിർദ്ദേശിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നഗരസഭയിലുണ്ടായതിനെ ചെയർപേഴ്സൺ രാജി വയ്ക്കേണ്ട പ്രശ്നമായി കാണുന്നില്ല.

കണ്ണൂർ ധർമ്മശാലയിലെ വിശദീകരണയോഗത്തിൽ പി. ജയരാജൻ എന്ത് പറഞ്ഞുവെന്ന് പരിശോധിച്ചിട്ടില്ല. കോൺഗ്രസിലുള്ളതുപോലെ രാജി പരിപാടി സി.പി.എമ്മിൽ പറ്റില്ല. രാജി സന്നദ്ധതയെന്ന് പറഞ്ഞതിനർത്ഥം അവരുടെ നിരപരാധിത്വം തെളിയിക്കാൻ വേണമെങ്കിൽ രാജിവയ്ക്കാമെന്ന് ജില്ലാ സെക്ര‌ട്ടേറിയറ്റിനെ അവർ അറിയിച്ചു എന്നതാണ്. രാജി സംസ്ഥാന സമിതി നിർദ്ദേശിച്ചിട്ടില്ല.
കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ച് കെട്ടിടം നിർമ്മിച്ചുവെന്നതാണ് അവിടെ ഉണ്ടായ പ്രശ്നം. അത് പരിശോധിച്ച് നിർദ്ദേശിച്ചത് അപാകത പരിഹരിച്ചാൽ ലൈസൻസ് കൊടുക്കാമെന്നായിരുന്നു. അതിന് കുറച്ച് സമയം കൊടുത്തു. അപാകത പരിഹരിച്ചുവെന്ന എൻജിനിയറുടെ റിപ്പോർട്ട് ഈയടുത്താണ് കിട്ടിയത്. തുടർനടപടി സ്വീകരിക്കുന്നതിൽ ചെയർമാൻ എന്തെങ്കിലും കുറ്റം ചെയ്തുവെന്ന് ഈ സന്ദർഭത്തിൽ പറയാനാവില്ല.
എൻ.ആർ.ഐക്ക് കെട്ടിട ലൈസൻസ് കൊടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തി സർക്കാർ അവരുടെ പേരിൽ നടപടിയെടുത്തു. വകുപ്പുതല അന്വേഷണവും ആത്മഹത്യാസംഭവത്തിൽ പൊലീസിന്റെ കേസന്വേഷണവുമുണ്ട്. ഹൈക്കോടതിയും പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. മൂന്ന് തരം പരിശോധനയുടെ ഭാഗമായി യഥാർത്ഥ വസ്തുത വരെട്ടയെന്നാണ് സി.പി.എം സംസ്ഥാന സമിതി ഉദ്ദേശിക്കുന്നത്.
നഗരസഭാ അദ്ധ്യക്ഷന് ലൈസൻസ് കൊടുക്കാൻ അധികാരമില്ല. അത് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമേയുള്ളൂ. അപ്പീൽ അധികാരം പോലും ചെയർമാൻമാർക്കില്ല. പരിമിതമായേ ചെയർമാൻമാർക്ക് എവിടെയായാലും ഇടപെടാനാവൂ. അത്തരത്തിൽ ചെയർമാന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കാണുന്നില്ല. ചെയർമാനുള്ള അധികാരം ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചതായും ഇപ്പോൾ കാണുന്നില്ല. ഹൈക്കോടതി പരിശോധിച്ച് പ്രശ്നം ഉണ്ടായോന്ന് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു.

സി.ഒ.ടി നസീർ വധശ്രമക്കേസിൽ അന്വേഷണകമ്മിഷനെ വയ്ക്കാൻ സംസ്ഥാനസമിതി തീരുമാനിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടി നൽകി. ജില്ലാ കമ്മിറ്റികൾ വിവിധ പ്രശ്നങ്ങൾ പരിശോധിക്കാറുണ്ട്. സംസ്ഥാന സമിതി ഇടപെടേണ്ട കാര്യത്തിലേ ഇടപെടാറുള്ളൂ.