ksrtc

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് അന്തർ സംസ്ഥാന ബസുടമകൾ ആഹ്വാനം ചെയ്ത സമരം രണ്ടാം ദിവസം പിന്നിട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ഉടമകൾ കടുപ്പിക്കുമ്പോൾ സമരത്തെ എന്ത് വിലകൊടുത്തും നേരിടാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. സമരത്തെ തുടർന്ന് ബംഗളൂരുവിലേക്കും മൈസൂരിലേക്കും ബസ് സർവീസുകൾ കുത്തനെ കുറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. യാത്രാ ദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത്.

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ പേരിൽ വൻതുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ചത്. അനാവശ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബസ് വ്യവസായത്തെ തകർക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രമമെന്നാണ് അസോസിയേഷന്റെ ആരോപണം. പ്രതിദിനം എഴുനൂറിലധികം അന്തർ സംസ്ഥാന സർവീസുകളാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നടത്തുന്നത്. സമരത്തെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസുകൾ നടത്തുന്നില്ല.

അതേസമയം, കൊച്ചിയിൽ കല്ലട ബസിൽ വച്ച് യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം പതിയെ മതിയെന്നാണ് സർക്കാർ തീരുമാനം. തൃശൂർ കളക്ടറുടെ അദ്ധ്യക്ഷതയിൽ റോഡ് ട്രാഫിക് അതോറിട്ടിയുടെ യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ബസുടമ സുരേഷ് കല്ലടയും യോഗത്തിൽ ഹാജരാകുമെന്നായിരുന്നു സൂചന. എന്നാൽ ഇയാൾ യോഗത്തിൽ എത്തിയില്ല. യാത്രക്കാർ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആർ.ടി.ഒ ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒയ്ക്കു കത്ത് നൽകിയിരുന്നു. എന്നാൽ ജോയിന്റ് ആർ.ടി.ഒ തീരുമാനം ആർ.ടി.എ ബോർഡിനു വിടുകയായിരുന്നു. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവർ ഉൾപ്പെടുന്നതാണ് ആർ.ടി.എ ബോർഡ്. ഏപ്രിൽ 21 നാണ് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ചത്.