bjp

തിരുവനന്തപുരം: കേന്ദ്രം നൽകിയ 20 ശതമാനം വർദ്ധന ക്വാട്ട തികയ്ക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ബി.ജെ.പിയിൽ ഡ്യൂപ്ലിക്കേറ്ര് മെമ്പർഷിപ്പിന് ശ്രമം. പുതിയ കമ്മിറ്റി രൂപീകരിക്കണമെങ്കിൽ നിലവിലുള്ള അംഗത്വത്തിൽ 20 ശതമാനം വർദ്ധനവ് നിർബന്ധമായി വേണമെന്നാണ് ബി.ജെ.പി കേന്ദ്ര ഘടകം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം.

ജൂലായ് ആറു മുതൽ ആഗസ്ത് 11 വരെയാണ് അംഗത്വ വിതരണം നടത്തേണ്ടത്. ഓൺലൈനായും ഓഫ് ലൈനായും അംഗത്വ വിതരണം നടത്താം. ബി.ജെ.പി നൽകുന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അടിച്ചും അംഗമാവാം. ഇങ്ങനെ ചേർന്ന അംഗങ്ങൾക്ക് വെരിഫിക്കേഷൻ നടത്തണം. കേരളത്തിൽ നിലവിൽ 21 ലക്ഷം അംഗങ്ങളാണ് ഉള്ളത്. ഇതിൽ 20 ശതമാനം വർദ്ധനവ് വരുത്തണമെങ്കിൽ 4.2 ലക്ഷം അംഗങ്ങളെ ചേർക്കണം.

2014-15ലാണ് ഇതിന് മുമ്പ് ബി.ജെ.പി അംഗത്വ പ്രചാരണം നടത്തിയിരുന്നത്. അന്ന് കാടടച്ച് അംഗങ്ങളെ ചേർക്കുകയായിരുന്നു. ഇനി ചേർക്കണമെങ്കിൽ 2015 ന് ശേഷം 18 വയസ്സ് പൂർത്തിയായവരെ ചേർക്കാൻ മാത്രമേ നിർവാഹമുള്ളു. നാല് ലക്ഷത്തിലധികം അംഗങ്ങളെ ഇങ്ങനെ ചേർക്കാൻ ബുദ്ധിമുട്ടാണെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്. ഇവരുടെയെല്ലാം വെരിഫിക്കേഷൻ നടത്തേണ്ടതുമുണ്ട്.

വീടുവീടാന്തരം കയറിയിറങ്ങി അംഗത്വം നടത്താനും വെരിഫിക്കേഷൻ നടത്താനും പ്രവർത്തകരില്ലാതെ ബി.ജെ.പി നേതൃത്വം കുഴങ്ങുകയാണ് . അംഗത്വ പ്രചാരണത്തിനായി ജില്ലാ തലത്തിലും മണ്ഡലം തലത്തിലും സംയോജകന്മാരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വീടുകയറിയിറങ്ങാൻ പ്രവർത്തകരെ കിട്ടില്ലെന്നാണ് ഒരു പ്രമുഖ നേതാവ് പറഞ്ഞത്. തിര‌ഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് കൈയും മെയ്യും മറന്നിറങ്ങിയ ആർ.എസ്. എസ് പ്രവർത്തകർക്ക് ഗുരുപൂജ പോലുള്ള സംഘടനാ പരിപാടികളുമുണ്ട്. മാത്രമല്ല ആർ.എസ്.എസ് സംഘടനാ നിർദ്ദേശമില്ലാതെ ഇവർക്ക് ബി.ജ.പി അംഗത്വ പരിപാടിക്കിറങ്ങാനും കഴിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ആർ.എസ്. എസ് നേരിട്ട് പ്രവർത്തനം ഏറ്രെടുക്കുകയായിരുന്നു. മുഴുവൻ ആർ.എസ്. എസ് മെഷിനറിയും തിര‌ഞ്ഞെടുപ്പ് രംഗത്തെത്തുന്നുണ്ടെന്നുറപ്പു വരുത്താൻ സംസ്ഥാന നേതൃ നിരയിലുള്ള പ്രമുഖ ആർ.എസ്. എസ് പ്രചാരകന്മാരും നേതാക്കളുമാണ് ഓരോ ലോക്സഭാ മണ്ഡലത്തിന്റെയും ചുമതലയേറ്രെടുത്തത്. ഇപ്പോൾ ആ സാഹചര്യവുമില്ല. ബി.ജെ.പി നേതൃത്വത്തിനാകട്ടെ തിര‌ഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പാർട്ടി യന്ത്രത്തെ ചലിപ്പിക്കാനും കഴിയുന്നില്ല. . ഇതോടെയാണ് ഡ്യൂപ്ളിക്കേറ്ര് അംഗത്വം എന്ന ആശയം ഉടലെടുത്തത്. നേരത്തെ മിസ്ഡ് കോൾ അംഗത്വമെടുത്ത ബി.ജെ.പി പ്രവർത്തകരോട് തങ്ങളുടെ മറ്രൊരു ഫോൺ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ അടിച്ച് വേറൊരു അംഗത്വം കൂടിയെടുക്കാനാണ് നിർദ്ദേശം പോയിട്ടുള്ളത്. ഇങ്ങനെ മാത്രമേ പുതുതായി നാലുലക്ഷം പേരെ ചേർക്കാൻ കഴിയൂ എന്നാണ് പ്രമുഖ ബി.ജെ.പി നേതാക്കൾ പറയുന്നത്.