''ആരാ.... ആരാ അത്?"
ഭീതിപൂണ്ട ചന്ദ്രകലയുടെ ശബ്ദം മഴയിലും കാറ്റിലും അലിഞ്ഞുചേർന്നു.
അവൾ വരാന്തയിൽ എത്തിക്കഴിഞ്ഞിരുന്നു.
കയ്യിൽ എമർജൻസി ലാംപ് ഉണ്ട്.
എങ്കിലും നടുമുറ്റത്തേക്ക് ഓടിനു പുറത്തുനിന്ന് ധാരമുറിയാതെ പതിക്കുന്ന ജലത്തിനപ്പുറത്ത് എന്തെന്നു വ്യക്തമാകുന്നില്ല...
ചന്ദ്രകലയ്ക്കു നെഞ്ചിടിപ്പേറി...
മുറ്റത്തെ ബഹളത്തിനു യാതൊരു കുറവുമില്ല...
അടുത്ത നിമിഷം ആകാശത്ത് ഒരു മിന്നൽ പിണർ പുളഞ്ഞു.
ആ വെളിച്ചത്തിൽ ചന്ദ്രകല കണ്ടു.... ഒരു കറുത്ത രൂപം!
അത് വെള്ളത്തിൽ ചാടിത്തിമിർക്കുകയാണ്!
മിന്നൽ മാഞ്ഞതോടെ ഒറ്റ നിമിഷത്തിനുള്ളിൽ ആ കാഴ്ച മാഞ്ഞു.
പക്ഷേ, ചന്ദ്രകലയുടെെ രക്തം തണുത്തുറയുവാൻ പര്യാപ്തമായിരുന്നു ആ കാഴ്ച....
''അയ്യോ...."
അലർച്ചയ്ക്കൊപ്പം അവളുടെ കയ്യിൽ നിന്ന് എമർജൻസി ലാംപ് പിടിവിട്ട് വരാന്തയിൽ വീണു.
മിന്നൽ വേഗത്തിൽ അത് എടുത്തുകൊണ്ട് അവൾ തന്റെ മുറിയിലേക്കു പാഞ്ഞുകയറി.
വാതിൽ അടച്ചു ലോക്കു ചെയ്തു. തന്റെ നെഞ്ചിടിപ്പ് അവൾ സ്വയം കേട്ടു.
വളരെ പെട്ടെന്ന് സെൽഫോൺ എടുത്ത് അവൾ പ്രജീഷിനു കാൾ അയച്ചു.
''ഞാൻ ഒരു മണിക്കൂറിനുള്ളിൽ എത്തും കലേ..."
മഴയുടെ ഹുങ്കാരത്തിനിടയിൽ ചന്ദ്രകല ശബ്ദം കേട്ടു.
''അതുപോരാ... ഇപ്പം വരണം. അല്ലെങ്കിൽ ഞാൻ പേടിച്ചു ചത്തുപോകും."
അവൾക്കു കരച്ചിൽ വന്നു.
''അതിന് അവിടെ എന്തുണ്ടായി?" പ്രജീഷിന് സംശയം.
ചന്ദ്രകല ഏതാനും വാക്കുകളിൽ കാര്യം പറഞ്ഞു.
''ശരി. എങ്കിൽ ഞാൻ ഉടനെയെത്താം. പിന്നെ.... ഇതൊന്നും നിന്റെ തോന്നലല്ലല്ലോ?"
''അല്ല.. ആ സത്വം ഇപ്പോഴും നടുമുറ്റത്ത് ചാടിക്കളിക്കുകയാ...."
''എങ്കിൽ വച്ചോ."
അപ്പുറത്ത് കാൾ മുറിച്ചതും ചന്ദ്രകല കിടക്കയിലിരുന്നു.
അവളുടെ നിശ്വാസത്തിന്റെ വേഗത അപ്പോഴും കുറഞ്ഞിരുന്നില്ല.
പതിനഞ്ച് മിനിട്ടു കഴിഞ്ഞു.
ജന്നൽ ഗ്ളാസിൽ ഒരു വാഹനത്തിന്റെ വെളിച്ചമടിച്ചു.
മഴവെള്ളം തെറുപ്പിച്ചുകൊണ്ട് ഒരു കാർ കോവിലകത്തിനു മുന്നിൽ ബ്രേക്കിട്ടു.
പ്രജീഷിന്റെ കയ്യിൽ പ്രധാന വാതിലിന്റെ ഒരു താക്കോൽ ഉണ്ട്. അയാൾ കയറി വന്നോളും.
ചന്ദ്രകല കരുതി.
ഡോർ തുറന്നടയുന്ന ശബ്ദം.
അല്പം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടു.
''കലേ... ഞാനാ.."
പ്രജീഷിന്റെ ശബ്ദം അവൾ തിരിച്ചറിഞ്ഞു. മനസ്സിൽ ഒരു ചുഴലിക്കാറ്റ് അടങ്ങിയ പ്രതീതി.
ചന്ദ്രകല പെട്ടെന്നു വാതിൽ തുറന്നു. പ്രജീഷ് ആകാംക്ഷയോടെ അവളെ നോക്കി.
''നിന്റെ മുഖം വല്ലാതിരിക്കുന്നല്ലോ..."
ചന്ദ്രകല നീരസപ്പെട്ടു.
''പിന്നെ ഇത്തരം ഒരു കാഴ്ച കണ്ടാൽ ആരാ വല്ലാതാവാത്തത്?"
''ആട്ടെ. നീ കണ്ടെന്നു പറഞ്ഞ സംഗതി എവിടെയാ?"
അവൾ നടുമുറ്റത്തിനു നേർക്കു കൈചൂണ്ടി.
''അവിടെ..."
പ്രജീഷ് നോക്കിയിട്ട് ഒന്നും കണ്ടില്ല.
''നീ ആ എമർജൻസി ലാംപ് ഇങ്ങെടുത്തേ...."
ചന്ദ്രകല അതെടുത്തു കൊടുത്തു. ഒപ്പം അയാൾക്കു പിന്നാലെ ഇറങ്ങുകയും ചെയ്തു.
മഴ അല്പം ശമിച്ചു തുടങ്ങി.
പ്രജീഷ് എമർജൻസി ലാംപിന്റെ വെളിച്ചത്തിൽ നടുമുറ്റത്തേക്കു ശ്രദ്ധിച്ചു.
അവിടെ പക്ഷേ ഒന്നും കണ്ടില്ല. എന്നാൽ കാള പൂട്ടിയതുപോലെ മുറ്റത്തെ ചെളി ഇളകി വെള്ളം കലങ്ങിയിരിക്കുന്നു...!
മാത്രമല്ല, വരാന്തകളിലേക്കും വെള്ളം തേകിയൊഴിച്ചതുപോലെയുള്ള നനവ്...
എത്ര മഴയും കാറ്റും വന്നാലും വരാന്തകളിലേക്ക് ഒരു തുള്ളി വെള്ളം പോലും വീഴുമായിരുന്നില്ല. അങ്ങനെയായിരുന്നു കോവിലകത്തിന്റെ നിർമ്മാണം.
പെട്ടെന്ന് പ്രജീഷിന്റെ കണ്ണുകളിൽ അത് ഉടക്കി.
വരാന്തയിൽ നനഞ്ഞ കാൽപ്പാടുകൾ!
അയാൾ ചന്ദ്രകലയ്ക്കു നേരെ കണ്ണയച്ചു.
''നീ ഈ ഭാഗത്തേക്കു വന്നിരുന്നോ?"
''ഇല്ല..."
''ഇത് പിന്നെ ആര് നടന്നതാ?"
ഞെട്ടലോടെ ചന്ദ്രകലയും അത് കണ്ടു...
ഇരുവരും ആ കാൽപ്പാടുകളെ പിന്തുടർന്നു....
അത് അവസാനിച്ചത് പാഞ്ചാലിയുടെ മുറിക്കു മുന്നിൽ....
മറ്റൊരിടത്തേക്കും പോയിട്ടില്ല.
അറിയാതെ ഒരു ഞെട്ടൽ പ്രജീഷിനും ഉണ്ടായി.
ചന്ദ്രകല ഭീതിയോടെ ചുണ്ടനക്കി.
''എനിക്കുറപ്പാ പ്രജീഷ്...
ഇത് അവളുടെ പ്രേതം തന്നെയാ.... പണ്ടും മഴയത്ത് ചാടി ബഹളം വച്ച് കുളിക്കുന്ന സ്വഭാവം അവൾക്കുണ്ടായിരുന്നു...."
പ്രജീഷ് ശരിക്കും പകച്ചു.
ചന്ദ്രകല പറയുന്നത് ശരിയാണോ?
പ്രേതം എന്ന ഒന്നുണ്ടോ?
പാഞ്ചാലിയുടെ പ്രേതം ഇവിടെയൊക്കെ അലഞ്ഞുതിരിയുന്നോ?
(തുടരും)