c-raveendranath

തിരുവനന്തപുരം: ഒന്ന് മുതൽ 12വരെയുള്ള ക്ലാസുകളെ ഖാദർ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് ഒറ്റ കാമ്പസാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ അദ്ധ്യാപകർ അതാതിടങ്ങളിൽ തുടർന്നും പഠിപ്പിക്കും. ഭരണപരമായ സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിപ്പോർട്ടിനെ എതിർക്കുന്ന അദ്ധ്യാപക സംഘടനകളക്കം മൂന്ന് വർഷം മുമ്പ് തനിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഹയർ സെക്കൻഡറി മേഖലയിൽ ഓഫീസ് സംവിധാനമടക്കം കൊണ്ടുവരുന്നത്. അദ്ധ്യാപകരും പ്രിൻസിപ്പൽമാരുമാണ് ഓഫീസ് ജോലികൾ ഇതുവരെ ചെയ്തിരുന്നത്. ഇത് അദ്ധ്യാപനത്തെ ബാധിച്ചിരുന്നു. ഓഫീസ് സംവിധാനം വരുന്നതോടെ ഇവർക്ക് അദ്ധ്യാപനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താനാവും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ കുട്ടികൾക്ക്

തിളപ്പിച്ചാറ്റിയ വെള്ളം
സ്‌കൂളുകളിൽ കുട്ടികൾക്ക് കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കും. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പുസ്തകം മൂന്ന് ഭാഗങ്ങളായി വിതരണം ചെയ്യും. ചെറിയനോട്ട്ബുക്കുകൾ ഉപയോഗിക്കും. അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കും. മിനിമംവേതനം ഉറപ്പുവരുത്തുന്നതിന് ബിൽ കൊണ്ടുവരും.

ഈ അദ്ധ്യയന വർഷം പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തി. സർക്കാർ സ്‌കൂളുകളിൽ 35,​683 ആൺകുട്ടികളും 29,​532 പെൺകുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 52,​475 ആൺകുട്ടികളും 45,​868 പെൺകുട്ടികളും എത്തിയെന്ന് മന്ത്രി അറിയിച്ചു.

കരാറുകാർക്ക്

472 കോടി കുടിശിക
വിവിധ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയതിലും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വകയിലുമായി കരാറുകാർക്ക് 472.71 കോടിയുടെ ബില്ലുകൾ കുടിശികയുണ്ടെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. കുടിശിക തീർക്കാതെ ഇനി പ്രവൃത്തികൾ ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ നിലപാട് സമയബന്ധിതമായി പല പദ്ധതികളും പൂർത്തിയാക്കുന്നതിന് തടസമാകുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ ബാങ്ക് വായ്പയെടുത്ത് ആവശ്യപ്പെടുന്ന കരാറുകാർക്ക് നൽകുന്നുണ്ട്. ബഡ്‌ജറ്റ് വിഹിതം ലഭിക്കുന്ന മുറയ്ക്ക് 8.8% പലിശ സഹിതം തുക തിരിച്ചടക്കും.