വാഷിംഗ്ടൺ: ആരെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റുചെയ്താൽ ഉടൻ കമന്റുകളുമായി ഒരുപറ്റം ഞരമ്പുരോഗികളെത്തും. ബോഡി ഷെയ്മിംഗ് കമന്റുകളാണ് ഇവരുടെ സംഭാവനകളിൽ കൂടുതലും. അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബീബി റെക്സായ്ക്കും കിട്ടി ഇത്തരത്തിലുള്ള കമന്റുകൾ . പക്ഷേ, ബീബിയുടെ കിടുക്കൻ മറുപടി ലഭിച്ചതോടെ പരിഹസിച്ചവർ പലരും കണ്ടംവഴി ഒാടി. ബീബിയുടെ ശരീരഭാരത്തെക്കുറിച്ചായിരുന്നു കൂടുതൽ പരിഹാസം. ഇവർക്ക് കൊടുത്ത മറുപടി ഇങ്ങനെ:എന്നെക്കുറിച്ച് വിലകുറഞ്ഞ പോസ്റ്റുകളിട്ടവർക്ക് വേണ്ടത് ചില പ്രതികരണങ്ങളാണ്. അത് ഒരിക്കലും ലഭിക്കാൻ പാേകുന്നില്ല. പൂർണരല്ലാത്തിടത്തോളം നിങ്ങൾക്ക് മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കാൻ അർഹതയില്ല. നിങ്ങളെ കാണാൻ ഭംഗിയില്ലാത്തതുമൂലമാണ് നിങ്ങൾ ഇത്തരത്തിൽ വെറുപ്പ് പ്രചരിപ്പിക്കുന്നത്. മറ്റുള്ളവർ എന്റെ ശരീരത്തെക്കുറിച്ച് എന്തുപറയുന്ന എന്നതല്ല, ഞാൻ എന്റെ ശരീരത്തെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.
ഇതോടെ പരിഹാസക്കാർ വായടച്ചു.
കുറിക്കുകൊള്ളുന്ന മറുപടി ഇട്ടതിന് ബീബിയെ പ്രസംശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നിങ്ങൾ സുന്ദരിയാണ്. ഒപ്പം കരുത്തയുമാണ്. ലാേകത്തിലെ സ്ത്രീകൾക്ക് മുഴുവൻ നിങ്ങൾ മാതൃകയാണ് എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും കമന്റ്. ഇരുപത്തൊമ്പതുവയസുകാരിയായ ബീബിക്ക് ലോകമെങ്ങും ആരാധകരുണ്ട്. എന്തും തുറന്നുപറയാനുള്ള ധൈര്യമാണ് ആരാധകർ കൂടാൻ കാരണം. ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്തപ്പോൾ തടിച്ച ശരീരമായതിനാൽ വലിയ ഫാഷൻ ഡിസൈനർമാരൊന്നും തന്റെ വസ്ത്രം ഡിസൈൻ ചെയ്യാൻ തയ്യാറായില്ലെന്ന് പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മറ്റാർക്കും ഇഷ്ടമായില്ലെങ്കിലും എന്റെ അഴകളവുകൾ എനിക്കിഷ്ടമാണെന്നായിരുന്നു അന്നും ബീബി പറഞ്ഞത്.