ബാലരാമപുരം: വഴിനടക്കാനുള്ള റോഡിലാകെ മാലിന്യവും വെള്ളക്കെട്ടും. വഴിയാത്രക്കാർ പൊറുതി മുട്ടി. സമരമല്ലാതെ വേറെ വഴിയില്ലെന്ന് നാട്ടുകാർ തീരുമാനിച്ചു. എന്നിട്ടും ഫലമില്ല, റോഡിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ നാട്ടുകാരെ നോക്കി പല്ലിളിക്കുന്നു. തയ്ക്കാപള്ളി കൃഷിഭവൻ ഹോമിയോ ആശുപത്രി റോഡിലാണ് വഴിനടക്കാനാകാത്ത വിധം മാലിന്യവും ചെളിക്കെട്ടും നിറഞ്ഞിരിക്കുന്നത്. വെള്ളക്കെട്ട് കാരണം ഇതുവഴി ആട്ടോറിക്ഷ പോലും കടന്നുവരാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്തവിധം റോഡ് ചെളിക്കെട്ട് ആയി മാറിയിരിക്കുകയാണ്. ദേശീയപാതയിൽ വഴിമുക്കിൽ ഗതാഗതം തടസപ്പെടുമ്പോൾ ഈ ഉപറോഡ് വഴിയും വാഹനങ്ങൾക്ക് ബാലരാമപുരം ഭാഗത്തേക്ക് പോകാൻ സാധിക്കും. പതിനഞ്ച് വർഷത്തോളമായി റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ മുറവിളി കൂട്ടുന്നെങ്കിലും കാലങ്ങളായി ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിൽ ഉൾപ്പെടുത്തി ഈ ഭാഗത്തെ മാലിന്യം നീക്കം ചെയ്തിരുന്നു. എന്നാൽ രാത്രിയിൽ തുടരുന്ന മാലിന്യനിക്ഷേപം കാരണം ഇവിടം പകർച്ചവ്യാധിയുടെ പിടിയിലാണ്.
രാത്രിയിലാണ് വിവിധ ഹോട്ടലുകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുമാക്കി സാമൂഹ്യവിരുദ്ധർ ഇവിടെ കൊണ്ടിടുന്നത്. മഴ കൂടി എത്തിയതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് പകർച്ചവ്യാധി ഭീഷണിയിലായി. കൊടിയ ദുർഗന്ധം സഹിച്ചാണ് നാട്ടുകാർ ഇതുവഴി പോകുന്നത്. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവ് നായക്കളുടെ ശല്യം വെറെയും. പരാധീനതകൾക്ക് നടുവിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കരമന-കളിയിക്കാവിള ദേശീയപാതവികസനത്തിന്റെ കൊടിനട-വഴിമുക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി തയ്ക്കാപള്ളി- ഹോമിയോ ആശുപത്രി റോഡ് ദേശീയപാത അതോറിട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാരണത്താൽ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് റോഡ് നവീകരിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സർവേ പൂർത്തിയായെങ്കിലും മൂന്നാംഘട്ട അലൈൻമെന്റ് നടപടികളിൽ പരാതികൾ പരിഹരിക്കാൻ ഇനിയും കാലതാമസം വേണ്ടിവരും. അതിനാൽ ചെളിക്കെട്ടായ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്ന പ്രാവച്ചമ്പലം –കൊടിനട ദേശീയപാതയുടെ രണ്ടാംഘട്ടവികസനം ഇപ്പോഴും മന്ദഗതിയിലാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് തയ്ക്കാപള്ളി –ഹോമിയോ ആശുപത്രി റോഡിൽ വൺവേ സംവിധാനം നടപ്പിലാക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.