forest

ജപ്പാനിലെ ഫിജി പർവതത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഘോര വനമാണ് 'ഓകിഗാഹര' അഥവാ ' ആത്മഹത്യാ വനം'. ജപ്പാനിലെ കുപ്രസിദ്ധ ആത്മഹത്യാ കേന്ദ്രമായ ഈ വനത്തിനുള്ളിൽ ഒട്ടനവധി പേരാണ് ആത്മഹത്യ ചെയ്‌തിരിക്കുന്നത്. 35 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ഈ കൊടും വനം കാണുമ്പോൾ തന്നെ ഭയം ഉളവാക്കും. മൃഗങ്ങളേയും പക്ഷികളെയും അപൂർവമായി കാണപ്പെടുന്ന ഇവിടെ എവിടെ വേണമെങ്കിലും ഒരു മൃതശരീരം കണ്ടേക്കാം.

നിബിഡ വനമായ ഓകിഗാഹരയിലെ തിരച്ചിൽ വളരെ ദുഃസഹമായതിനാൽ ആത്മഹത്യ ചെയ്‌ത പലരുടെയും ശരീരങ്ങൾ ഇപ്പോഴും കാടിനുള്ളിൽ തന്നെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മരത്തിൽ തൂങ്ങിയോ വിഷം കഴിച്ചോ ആണ് കൂടുതൽ പേരും ഇവിടെ ആത്മഹത്യ ചെയ്യുന്നത്.

1970 മുതലാണ് ഓകിഗാഹര വനത്തിനുള്ളിൽ ആത്മഹത്യ ചെയ്‌തവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ അധികൃതർ നടപടി ആരംഭിച്ചത്. 1988 വരെ വർഷത്തിൽ കുറഞ്ഞത് 30 പേരെങ്കിലും ഇവിടെയെത്തി ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്. 2002 ൽ 78 ഉം 2003ൽ 105ഉം മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജപ്പാനിൽ ആത്മഹത്യകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതായാണ് കണക്ക്. ജപ്പാന്റെ ചരിത്രത്തിലുടനീളം ആത്മഹത്യകളെ കുലീനമായും ആദരിക്കപ്പെടുന്നവയായും കണ്ടിരുന്നു. ആത്മാഹുതി ചെയ്‌തിരുന്ന സമുറായികൾ ഇതിനുദാഹരണമാണ്.

ആത്മഹത്യ ചെയ്‌തവരുടെ ആത്മാക്കൾ ഓകിഗാഹര വനത്തിൽ അലഞ്ഞ് തിരിയുന്നുണ്ടെന്നും വനത്തിനുള്ളിലേക്ക് കടക്കുന്നവരെ ഈ ആത്മാക്കൾ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുമെന്നുമുള്ള വിശ്വാസം ജപ്പാൻകാർക്കിടയിലുണ്ട്. കാടിനുള്ളിൽ കടക്കുന്നവർ വഴിതെറ്റി പോകാനുള്ള സാദ്ധ്യത വളരെയോറെയാണ്.