construction

തിരുവനന്തപുരം: കെട്ടിട നിർമ്മാണാനുമതി നൽകുന്നതിൽ അഴിമതി കാട്ടുകയും ക്രമക്കേടും കാലതാമസവും വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്.

കെട്ടിട നിർമ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും ജൂലായ് 10ന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തീർപ്പാക്കണം. ഇതിൽ വീഴ്ച വരുത്തുന്നവരുടെ പേര് വിവരങ്ങളും ശുപാർശയും സഹിതം ജൂലായ് 15ന് വൈകിട്ട് മൂന്നിന് മുമ്പ് directorofpanchayatcsection@gmail.com എന്ന ഇ - മെയിലിൽ അയയ്ക്കണമെന്നും സർക്കുലറിൽ പറയുന്നു.

പ്രധാന നിർദ്ദേശങ്ങൾ:

 കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷകൾ സങ്കേതം എന്ന സോഫ്റ്റ്‌വെയർ വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കാവൂ.

 മുൻഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തിൽ കൂടുതൽ കാലതാമസമുണ്ടാക്കാതെയും കെട്ടിടനിർമ്മാണാനുമതി നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

 സമയപരിധിക്കുള്ളിൽ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും പെർഫോമൻസ് ഓഡിറ്റ് വിഭാഗം ഉറപ്പാക്കണം.

 പഞ്ചായത്തുകളിൽ നിന്ന് കെട്ടിടനിർമ്മാണചട്ടങ്ങൾ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിർമ്മാണം പൂർത്തീകരിച്ച പല കെട്ടിടങ്ങൾക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ, കെട്ടിട നിർമ്മാണ ക്രമവത്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും ചില കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ കെട്ടിട നമ്പർ നിഷേധിക്കുന്നതായുമുള്ള പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ജൂലായ് 31നകം അദാലത്തുകൾ സംഘടിപ്പിക്കണം. മേയ് 31 വരെ കെട്ടിടനിർമ്മാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിർമ്മാണം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്.

മറ്റ് നിർദ്ദേശങ്ങൾ

 ദേശീയ-സംസ്ഥാന-ജില്ലാ പാതകൾക്ക് പുറമേ മൂന്നുമീറ്റർ അകലത്തിൽ കെട്ടിടം നിർമിക്കേണ്ട പാതകൾ ഏതൊക്കെയെന്ന് പഞ്ചായത്ത് സമിതി തീരുമാനിക്കണം. ഈ റോഡുകൾക്ക് സമീപം ബോർഡുകൾ സ്ഥാപിക്കണം.

 2017 ഡിസംബർ 31നു മുമ്പ് അനുമതി നൽകിയ കെട്ടിടങ്ങൾക്ക് കെട്ടിടനമ്പർ നൽകാൻ നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം ബാധകമാക്കരുത്

 കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുമുമ്പ് നിയമാനുസൃതമായി പെർമിറ്റ് വാങ്ങിയവർക്ക് പഴയ നിയമപ്രകാരം കെട്ടിടനമ്പർ നൽകണം.

 2018 ലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തൽ ചട്ടങ്ങൾ പ്രകാരം ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്നവ ജൂലായ് 31നകം തീർപ്പാക്കി ജില്ലാതല വിശദവിവരപട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആഗസ്റ്റ് 10നകം പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം

 അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോൾ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ലംഘനങ്ങളുടെ വിശദാംശങ്ങൾ നോട്ടീസായി നൽകണം. അന്തിമതീരുമാനത്തിന് മുമ്പ് ബന്ധപ്പെട്ടവർക്ക് പറയാനുള്ളത് നേരിട്ട് കേൾക്കണം

 കെട്ടിട നിർമ്മാണാനുമതി, കെട്ടിട നിർമ്മാണ ക്രമവത്കരണാനുമതി, കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പറിംഗ്, വിവിധ ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന പൊതുജനങ്ങളോട് സൗഹാർദ്ദപരമായും സഭ്യമായും പെരുമാറണം. അപേക്ഷകളിൽ അധിക വിവരങ്ങൾ/രേഖകൾ ആവശ്യമെങ്കിൽ അപേക്ഷകനെ ബോദ്ധ്യപ്പെടുത്തി ചട്ട പ്രകാരം നോട്ടീസ് നൽകണം