കാട്ടാക്കട : അമ്പലത്തിൻകാല കുളവിയോട്ട് മോട്ടോർ ബൈക്ക് കത്തിച്ച പ്രതികൾ അറസ്റ്റിൽ. ചെമ്പനാകോട് കീരിപ്പന വീട്ടിൽ സാബു, കിള്ളി പങ്കജകസ്തൂരിക്ക് സമീപം സതീഷ് എന്നിവരെയാണ് പിടികൂടിയത്. മറ്റൊരു പ്രതി അന്തിയൂർകോണം സ്വദേശി കിച്ചു എന്ന ഹേമന്ദ് ഒളിവിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് കുളവിയോട് സ്വദേശിയായ വിജയന്റെ ബൈക്ക്, പച്ചക്കറി കടയ്ക്കുമുന്നിൽ വച്ച് കത്തിക്കുകയായീരുന്നു. പൊലീസ് പറയുന്നതിങ്ങനെ: 2018 ജൂലായിൽ ചെമ്പനാകോട് ക്ഷേത്രോത്സവത്തോടനിടയ്ക്കുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് ഹേതു. ഹേമന്ദിന്റെ നേതൃത്വത്തിൽ സതീഷിന്റെ ആട്ടോയിൽ എത്തിയ ഇവർ വാൾ കാണിച്ചു ഭീഷണിപ്പെടുത്തി വിജയനെ ഓടിച്ചശേഷം ബൈക്ക് കത്തിക്കുകയായിരുന്നു. വിജയനും സാബുവും തമ്മിലുള്ള വാക്കു തർക്കത്തിന്റെ പ്രതികാരം തീർക്കാനാണ് ക്രിമനലായ ഹേമന്ദിന്റെ നേതൃത്വത്തിൽ സംഘമെത്തിയത്. തീ വെയ്പിൽ മലക്കറി കടയ്ക്കും സാരമായ നാശ നഷ്ടമുണ്ടായി പ്രതികൾ സഞ്ചരിച്ച ആട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. ക്രിമിനൽ കേസ് പ്രതിയായ ഹേമന്ദിനു വേണ്ടി അന്വേഷണം നടന്നുവരുകയാണ്. കാട്ടാക്കട എസ്.എച്ച്.ഒ ഡി. ബിജുകുമാർ, എസ്.ഐ. ഗംഗാപ്രസാദ്, സുരേന്ദ്രൻ, സീനിയർ സി. പി. ഒ അനിൽ കുമാർ, സി. പി. ഒ മാരായ പ്രദീപ്, പ്രദീപ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡുചെയ്തു.